
ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ജീപ്പും തമ്മിലുള്ള പകർപ്പവകാശ ലംഘനപ്രശ്‍നം കഴിഞ്ഞകുറച്ചു കാലമായി വാഹന ലോകത്ത് സജീവ ചര്‍ച്ചാവിഷയമാണ്. 2018ല്‍ അമേരിക്കന്‍ വിപണിയില്‍ മഹീന്ദ്ര അവതരിപ്പിച്ച റോക്സര്‍ ഇതേ കാരണത്താല്‍ കേസില്‍ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറും സമാനമായ കേസില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് റാംഗ്ലറിന്റെ കോപ്പിയടിയാണ് ഥാർ എന്നും ഓസ്ട്രേലിയൻ വിപണിയിൽ വാഹനത്തെ ഇറക്കാൻ മഹീന്ദ്രയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ജീപ്പ് ഫെഡ്രൽ കോർട്ട് ഓഫ് ഓസ്ട്രേലിയയെ സമീപിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹീന്ദ്രയ്ക്കെതിരെ ഓസ്‍ട്രേലിയയിലെ ജീപ്പിന്‍റെ മാതൃ കമ്പനിയായ സ്റ്റെല്ലന്‍റിസ് ആണ് കോടതിയെ സമീപിച്ചത്. ജീപ്പിന്‍റെ റാംഗ്ലര്‍ എസ്‌യുവിയുടെ രൂപകല്‍പ്പനയുമായി ഥാറിന് സാമ്യമുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കം തടയണമെന്നുമായിരുന്നു ജീപ്പ് ഉടമകള്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വാദിച്ചത്. ഈ വാദത്തിനിടെ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ നിലവിലെ ഥാര്‍ മോഡല്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയയില്‍ പുതിയ ഥാറിന്‍റെ ഹോമോലോഗേഷന്‍ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ ഏതെങ്കിലും വേരിയന്റോ ഭാവി മോഡലോ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയോ ചെയ്‍താല്‍ എഫ്‌സിഎ മുമ്പാകെ 90 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കോടതിയില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയന്‍ ഥാര്‍ എസ്‌യുവിയുടെ ടീസര്‍ നേരത്തെ മഹീന്ദ്ര പുറത്തുവിട്ടിരുന്നു. ഓസ്ട്രേലിയൻ റോഡുകളിൽ മഹീന്ദ്ര ഥാർ പരിശീലനയോട്ടം ആരംഭിച്ചതും മഹീന്ദ്രയുടെ ഓസ്ട്രേലിയൻ വെബ് സൈറ്റിൽ ഥാറിന്റെ വിവരങ്ങൾ വന്നതുമാണ് ജീപ്പിനെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം മഹീന്ദ്ര തീരുമാനം അറിയിച്ചതോടെ എഫ്‌സിഎയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പുതുതലമുറ ഥാറിന് ഇന്ത്യയില്‍ വമ്പന്‍ ഡിമാന്‍ഡാണെന്നും അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു പുറത്തെ വിപണികളില്‍ നിലവിലെ വേരിയന്‍റ് വില്‍ക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്നുമാണ് മഹീന്ദ്ര പറയുന്നത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കോടതി വ്യവഹാരം നടത്തുന്നതില്‍ കാര്യമില്ലെന്നും ഥാറിന്റെ ഏതെങ്കിലും പുതിയ വേരിയന്റ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എഫ്‌സിഎ മുമ്പാകെ 90 ദിവസത്തെ നോട്ടീസ് നല്‍കുമെന്നും ഉല്‍പ്പന്നം വിപണനം ചെയ്യാനും വില്‍ക്കാനുമുള്ള തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ വിപണിയിലെ തങ്ങളുടെ ഭാവി പദ്ധതികളെ ബാധിക്കുന്നതല്ല ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നെന്നും വിവിധ വാഹന വിഭാഗങ്ങളില്‍ ബിസിനസ് വിപുലീകരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍എക്സ് വേരിയന്റില്‍ ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നല്‍കിയിട്ടുണ്ട്.
ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona