ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ സഞ്ചരിക്കാം, പക്ഷേ വിൽപ്പന കുത്തനെ ഇടിഞ്ഞ് മഹീന്ദ്ര എക്സ് യു വി 400

Published : Sep 28, 2026, 10:57 AM IST
Mahindra XUV400 EV

Synopsis

ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചും മികച്ച ഫീച്ചറുകളുമുള്ള മഹീന്ദ്ര എക്സ്യുവി 400 ഇലക്ട്രിക് എസ്‌യുവിയുടെ വിൽപ്പന കുത്തനെ ഇടിയുന്നു. ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്ര മുന്നേറുമ്പോഴാണ് ഈ എൻട്രി ലെവൽ മോഡലിന്റെ വിൽപ്പനയിൽ 84 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയത്.

ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര എക്സ്യുവി 400. ആഡംബരപൂർണ്ണമായ ഇന്റീരിയറും നിരവധി ആധുനിക ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാൽ വിപണിയിൽ വിൽപ്പന കുത്തനെ ഇടിയുകയാണ്. 2026 ഓഗസ്റ്റിൽ മഹീന്ദ്ര എക്സ്യുവി 400ന്റെ 10 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഒരു വർഷം മുമ്പ്, 2025 ഓഗസ്റ്റിൽ 66 യൂണിറ്റുകളായിരുന്നു വാഹനത്തിന്റെ വിൽപ്പന. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 56 യൂണിറ്റിന്റെ കുറവാണുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ വിൽപ്പനയിൽ 84%ത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്തം വിപണി വിഹിതത്തിലേക്ക് എക്സ്യുവി 400 നൽകിയത് 0.02% മാത്രമാണ്.

ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്ര മുന്നേറുമ്പോൾ

ഇലക്ട്രിക് ഫോർ വീലർ വിഭാഗത്തിൽ മഹീന്ദ്രയുടെ പ്രകടനം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ബി ഇ 6, എക്സ്ഇവി 9എസ് തുടങ്ങിയ മോഡലുകൾ എത്തിയതോടെ കമ്പനിയുടെ ഇലക്ട്രിക് വാഹന ശ്രേണിക്ക് കൂടുതൽ കരുത്ത് ലഭിച്ചു. ടാറ്റ മോട്ടോഴ്‌സിന് പിന്നാലെ, എംജി മോട്ടോഴ്‌സിനെ മറികടന്ന് ഇലക്ട്രിക് വാഹന വിഭാഗത്തിലെ രണ്ടാമത്തെ വലിയ കമ്പനിയായും മഹീന്ദ്ര മാറിയിട്ടുണ്ട്. എന്നാൽ ഇതേ കമ്പനിയുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയായ എക്സ്യുവി400യുടെ വിൽപ്പന തുടർച്ചയായി താഴുകയാണ്.

10.25 ഇഞ്ച് ഡിസ്‌പ്ലേയും 6 എയർബാഗുകളും

എക്സ്യുവി 400 ഇ സി പ്രോ, ഇ എൽ പ്രോ എന്നീ വകഭേദങ്ങളിൽ ലഭ്യമാണ്. പുതിയ ഡാഷ്‌ബോർഡ്, ഡ്യുവൽ-ടോൺ ഇന്റീരിയർ, പരിഷ്കരിച്ച ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ വാഹനത്തിലുണ്ട്. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനവും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പ്രധാന സവിശേഷതകളാണ്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയും ലഭ്യമാണ്.

456 കിലോമീറ്റർ വരെ റേഞ്ച്

34.5 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പ് ഒറ്റ ചാർജിൽ 375 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. 39.4 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പിന് 456 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ സോൺ എസി, പിൻസീറ്റ് യാത്രക്കാർക്കുള്ള ടൈപ്പ്-സി യുഎസ്ബി ചാർജർ, പിൻ എസി വെന്റുകൾ, വയർലെസ് ഫോൺ ചാർജിങ്, സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്‌സോൺ ഇവിയാണ് എക്സ്യുവി400യുടെ പ്രധാന എതിരാളി.

PREV
Read more Articles on
click me!

Recommended Stories

പെട്രോളും ബാറ്ററിയും; ഒരേ ബൈക്കിൽ രണ്ട് കരുത്ത്! പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോഗ് സി യു-എക്സ്
പുത്തൻ പരിഷ്‍കാരങ്ങളുമായി ബജാജ് പൾസർ എൻഎസ്; അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ പ്രധാന മാറ്റം