മഹീന്ദ്ര XUV700 അടുത്ത മാസം എത്തിയേക്കും

By Web TeamFirst Published Jul 12, 2021, 10:51 PM IST
Highlights

വാഹനത്തിന്‍റെ വരവിന് മുന്നോടിയായി നിരവധി ടീസര്‍ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തു വിട്ടിട്ടുണ്ട്

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര അടുത്തിടെയാണ്​ തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​യുവി 700നെ പ്രഖ്യാപിച്ചത്​. എക്‌സ്‌യുവി 500ന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്നായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രഖ്യാപനം. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700നെ  ഈ ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദര്‍ശനത്തിന് എത്തിച്ചേക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

വാഹനത്തിന്‍റെ വരവിന് മുന്നോടിയായി നിരവധി ടീസര്‍ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തു വിട്ടിട്ടുണ്ട്. ടീസര്‍ സൂചിപ്പിക്കുന്നത് പ്രകാരം XUV700 ഉള്‍പ്പെടുന്ന സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ അനുസരിച്ച് ഈ വാഹനം സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി. ശ്രേണിയില്‍ സ്മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും.

ഈ ഏപ്രലില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.  എക്സ്‍യുവി 700 ധാരാളം ഫീച്ചറുകളുമായിട്ടാണ്​ പുറത്തിറങ്ങുക.  2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനത്തെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്. 

ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും. കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിച്ചേക്കും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും.  നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരും. മഹീന്ദ്ര ഡബ്ല്യു601 പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനകം പലപ്പോഴായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ ആയിരിക്കും നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!