ഒറ്റ ചാർജിൽ 220 കിലോമീറ്ററുമായി മലയാളിയുടെ ഈ സ്‌കൂട്ടർ

By Web TeamFirst Published Jul 28, 2021, 9:44 PM IST
Highlights

ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ഉടൻ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആലപ്പുഴ കായംകുളം സ്വദേശി അഖിൽ രാജും സുഹൃത്ത് അനന്തു സുനിലും

ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി മലയാളി. ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ഉടൻ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആലപ്പുഴ കായംകുളം സ്വദേശി അഖിൽ രാജും സുഹൃത്ത് അനന്തു സുനിലും. വൈദ്യുത സ്‌കൂട്ടർ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജോടെ പുറത്തിറക്കുന്ന വാഹനത്തിന്‍റെ മൂന്ന് വേരിയന്റുകളാണ് വിപണിയിൽ എത്തിക്കുന്നത്.
 
മെക്കാനിക്കൽ എഞ്ചിനിയറായ അഖിൽ 2017ലാണ് ഫ്‌ളയർ ടെക്ക് എന്ന വെഹിക്കിൾ സർവീസ് സംരംഭത്തിന് രൂപം നൽകുന്നത്. ഹാർളി ഡേവിഡ്‌സൺ മുതൽ എല്ലാ ഇരു ചക്രവാഹനങ്ങളും സർവീസ് നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളയർ ടെക്ക് ഇന്ന് ഇന്ത്യയിലെ തന്നെ ടോപ്പ് റേറ്റഡ് സർവീസ് കമ്പനികളിൽ ഒന്നാണ്.

2020ലാണ് അഖിൽ ടിഎക്‌സ്9റോബോ (tx9robo) എന്ന ആശയം തന്റെ സുഹൃത്തായ അനന്തു സുനിലുമായി ചേർന്ന് ആരംഭിക്കുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുമ്പോഴും ഇലക്ട്രിക് വാഹന മേഖലയിലെ വിപണി സാധ്യത മുന്നിൽ കണ്ട് അഖിലിന്റെ സ്വപ്‌ന പദ്ധതിയിലേക്ക് ഗ്യാലക്‌സി ഗ്രൂപ്പ് ചെയർമാൻ സുനിൽകുമാർ പിന്തുണ നൽകി. ശേഷം ടിഎക്‌സ്9റോബോയുടെ ഇൻഫ്രാസ്ട്രക്ച്ചർ കർണാടകയിൽ ഡെവലപ്പ് ചെയ്യുകയും ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനികളിൽ ചുമതല വഹിച്ചിരുന്നവർ ടിഎക്‌സ്9റോബോയുടെ ഭാഗമാവുകയുമായിരുന്നു. 

ഇന്ന് ഒരുമാസത്തിൽ 1200ല്‍ അധികം വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്ന വിധം ശേഷിയോടെ വാഹന നിർമ്മാണ മേഖല കീഴടക്കാൻ ഒരുങ്ങുകയാണ് ടിഎക്‌സ്9റോബോ. ഇതിന്റെ ഭാഗമായി ബാംഗ്ലൂർ ആസ്ഥാനമായി അഞ്ചുലക്ഷം സ്‌ക്വയർ ഫീറ്റ് ഇൻഫ്രാസ്ട്രക്ച്ചർ ഫെസിലിറ്റിയോടെ അസംബ്ലിയൂണിറ്റും കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. വാഹനം ചാർജ് ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും ബാറ്ററി സ്വേപ്പിംഗ് സ്റ്റേഷനുകളും ഉടൻ ആരംഭിക്കുന്നുണ്ട്. ഇത് വാഹനം ചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി പകരം ബാറ്ററി സ്വേപ്പിംഗ് ടെക്‌നോളജിയിലൂടെ പുതിയ ബാറ്ററികൾ വാഹനത്തിൽ  യാത്രാ സമയം ലഘൂകരിക്കാൻ സഹായിക്കും.

നിലവിൽ മൂന്ന് വേരിയന്റുകളാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. ടിഎക്‌സ്9 250, ടിഎക്‌സ്9 350, ടിഎക്‌സ്9 450 തുടങ്ങിയ വേരിയന്റുകളാണ് പുറത്തിറക്കുന്നത്. 55,000 രൂപയാണ് ബേസ് വേരിയന്റിന്റെ വില.

എല്ലാത്തരത്തിലുമുള്ള ഉപഭോക്താക്കളെയും മുന്നിൽ കണ്ട് വാഹനത്തിന്റെ വേരിയന്റുകളും അതോടൊപ്പം അവയുടെ ഇന്റീരിയലുകൾക്കും പ്രാധാന്യം നൽകിയാണ് ടിഎക്‌സ്9 റോബോ ബൈക്കുകൾ നിർമ്മിക്കുന്നത്. മാത്രമല്ല, ഓരോ ആറുമാസത്തിനിടയിലും വാഹനങ്ങളുടെ മോഡൽ അപ്‌ഡേറ്റ് ചെയ്യാനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!