ഏയ് ഓട്ടോ; ഈ 'സുന്ദരി' സുധിയുടേതല്ല, അരുണിന്‍റെ മക്കളുടെ കളിപ്പാട്ടമാണ്

By Web TeamFirst Published Feb 27, 2020, 9:32 PM IST
Highlights

ലൂസിഫര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച കറുത്ത കാര്‍ നെടുമ്പള്ളി എന്ന് പേരിട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് 33 കാരനായ അരുണ്‍കുമാര്‍...

ഇടുക്കി: തൊടുപുഴയിലെ സുന്ദരിയെ കാണാന്‍ ആളുകളുടെ തിരക്കാണ്. അതില്‍ യൂണിഫോമിലുള്ള പൊലീസുകാരുമുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇനി സുന്ദരിയാരെന്നല്ലേ, അതൊരു കുഞ്ഞ് ഓട്ടോയാണ്. മാധവ് കൃഷ്ണയ്ക്കും കേശനി കൃഷ്ണയ്ക്കും കളിക്കാന്‍ അച്ഛന്‍ വെളിയാമറ്റം മൂത്തേടത്തുപറമ്പില്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ ഉണ്ടാക്കിയതാണ് ഈ ഓട്ടോ. 

കളിപ്പാട്ടമല്ലെ എന്ന് സുന്ദരിയെ വിലകുറച്ച് കാണാനാകില്ല. സാധാരണ ഒരു ഓട്ടോറിക്ഷയ്ക്ക് സമാനം തന്നെയാണ് ഇത്. 15000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഇതിന്‍റെ ആകെ ഭാരം അറുപത് കിലോയാണ്. എന്നാല്‍ 150 കിലോഗ്രാം ഭാരം വഹിക്കാനാകും ഈ  ഓട്ടോയ്ക്ക്.  ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ടാണ് ഈ ഓട്ടോ നിര്‍മ്മിച്ചിരിക്കുന്നത്. നഴ്സായി ജോലി ചെയ്ത് വരികയാണ് അരുണ്‍കുമാര്‍. 

കെഎല്‍  - 11 - 636 എന്ന നമ്പറും സുന്ദരിക്ക് നല്‍കിയിട്ടുണ്ട്. ഡിടിഎച്ച് ഡിഷ് ആന്‍റിന, സ്റ്റൗവിന്‍റെ മെറ്റല്‍ ഭാഗം എന്നിവ ഓട്ടോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ചക്രം ഉണ്ടാക്കിയത് തടിയിലാണ്. ഇതില്‍ ടയറിന്‍റെ ഗ്രിപ്പ് ഒട്ടിച്ചാണ് ശരിപ്പെടുത്തിയിരിക്കുന്നത്. കിക്കര്‍, വൈപ്പര്‍, ഇന്‍റിക്കേറ്റര്‍, ഹോണ്‍, ഹെഡ്ലൈറ്റ്, ഫ്സ്റ്റ് എയ്ഡ് ബോക്സ്, ട്രാന്‍സിസ്റ്റര്‍ എന്നിവയൊക്കെയുണ്ട് ഈ ഓട്ടോയില്‍. ഏഴര മാസംകൊണ്ടാണ് ഈ ഓട്ടോ നിര്‍മ്മിച്ചത്. മൂന്നരയടിയാണ് ഇതിന്‍റെ ഉയരം. 

ലൂസിഫര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച കറുത്ത കാര്‍ നെടുമ്പള്ളി എന്ന് പേരിട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് 33 കാരനായ അരുണ്‍കുമാര്‍. ചെറുപ്പം മുതലേ അരുണ്‍കുമാര്‍ കളിപ്പാട്ടങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാറുണ്ടായിരുന്നു.

click me!