കാറിന്‍റെ പുകക്കുഴല്‍ ചൂടാക്കി ഇറച്ചി പൊരിച്ചു, നഷ്‍ടം അരക്കോടി!

By Web TeamFirst Published Jun 7, 2021, 10:50 AM IST
Highlights

കോടികള്‍ വിലയുള്ള ആഡംബര കാറിന്‍റെ പുകക്കുഴലില്‍ നിന്നുള്ള തീജ്വാല ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടയിത് എട്ടിന്‍റെ പണി

കോടികള്‍ വിലയുള്ള ആഡംബര കാറിന്‍റെ പുകക്കുഴലില്‍ നിന്നുള്ള തീജ്വാല ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടയിത് എട്ടിന്‍റെ പണി. കാറിന്‍റെ കൂളിംഗ് സിസ്റ്റം ഉള്‍പ്പെടെ തകരാറിലാകുകയും 51 ലക്ഷം രൂപയോളം നഷ്‍ടം സംഭവിക്കുകയും ചെയ്‍തു. ചൈനയില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറായ അവന്‍റഡോറിനാണ് ഉടമയുടെ മണ്ടത്തരം നിമിത്തം നാശം സംഭവിച്ചതെന്ന് സോഹു ഡോട്ട് കോമിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഹുവാൻ പ്രവിശ്യയിലായിരുന്നു സംഭവം. കൂട്ടുകാരുമെത്ത് പാർട്ടി നടത്തുന്നതിനിടെ കാറുടമയായ യുവാവിന് വിചിത്രമായ ഐഡിയ തോന്നുകയായിരുന്നു. 

ത്രോട്ടിൽ നൽകുന്നതിന് അനുസരിച്ച് ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് ഇടയ്ക്ക് തീജ്വാലകള്‍ പുറത്തേക്ക് വരാറുണ്ട്. എക്സ്ഹോസ്റ്റിലേക്ക് എൻജിനിൽ നിന്നുള്ള റോ ഫ്യൂവൽതള്ളുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ തീയിൽ നിന്ന് ഇറച്ചി ഗ്രിൽ ചെയ്യാം എന്ന ഭ്രാന്തന്‍ ചിന്തയാണ് യുവാവിന് വിനയായത്. 

ഇങ്ങനെ ആവര്‍ത്തിച്ച് ത്രോട്ടില്‍ നല്‍കി യുവാവ് ഇറച്ചി ചൂടാക്കിത്തുടങ്ങി. സംഭവം വിജയകരമാകുന്നതു കണ്ട് കൂട്ടുകാര്‍ കയ്യടിച്ചു. 15 മിനിട്ടോളം ഇത് തുടര്‍ന്നു. എന്നാല്‍ എൻജിനിൽ നിന്ന് പുക വന്നതോടെ എല്ലാവരും ഭയന്നു. അതോടെ യുവാവ് ഗ്രിൽ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുടൂതൽ നേരം റേവ് ചെയ്‍തത് വാഹനത്തിന്‍റെ എൻജിൻ താപനില ഉയർത്തി എൻജിന്‍ തകരാറിലാക്കിയെന്നുമാണ് റിപ്പോർട്ടുകള്‍. വാഹനത്തിന്റെ കൂളന്‍റ് സിസ്റ്റം ഉള്‍പ്പെടെ തകരാറിലായിരുന്നു. 

കാറിലെ കൂളന്‍റ് ലീക്കായി ചുവന്ന നിറത്തിലുള്ള ദ്രാവകം നിലത്തുകൂടെ ഒഴുകുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ലംബോർഗിനിയിൽ ഗ്രിൽ ചെയ്യുന്നു എന്ന പേരിൽ ഈ വിഡിയോ വൈറലായിരിക്കുകയാണ്. സൂപ്പർക്കാർ നന്നാക്കുന്നതിനായി ഏകദേശം 5 ലക്ഷം യുവാൻ (51 ലക്ഷം രൂപ) വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ദശലക്ഷം യുവാനാണ് അതായത് ഏകദേശം 2.2 കോടി രൂപയാണ് ലംബോർഗിനി അവന്‍റഡോറിന്‍റെ ചൈനീസ് വില.

യുവാവിന്‍റെ മണ്ടത്തരത്തെ പരിഹസിച്ച് യൂട്യൂബില്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുന്നുണ്ട്. ഭ്രാന്തന്‍ ചിന്ത കൊണ്ട് സ്വന്തം പോക്കറ്റിനു തന്നെയാണ് യുവാവ് തീയിട്ടതെന്നാണ് ചിലരുടെ പരിഹാസം. ആഡംബരത്തിന്‍റെ ഈ ആഘോഷങ്ങള്‍ക്കൊപ്പം സംഭവിക്കാമായിരുന്ന വലിയ അപകടത്തെയും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാഗ്യത്തിനാണ് വലിയ തീപിടിത്തം ഒഴിവായതെന്ന് ഇക്കൂട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.

അടുത്തിടെയാണ് ലംബോര്‍ഗിനിയുടെ ഐക്കണിക്ക് മോഡലായ അവന്‍റഡോര്‍ പതിനായിരം യൂണിറ്റ് തികയ്ക്കുന്നത്. 2011ലാണ് ഇതിഹാസമാനങ്ങളുള്ള മുഴ്‍സിലാഗൊയുടെ പിൻഗാമിയായി അവെന്‍റഡോർ വിപണിയില്‍ എത്തുന്നത്. പിന്നീടുള്ള ഒൻപതു വർഷത്തിനിടെയാണ് ഇറ്റലിയിലെ സന്ത്അഗ്‍ത ബൊളോണീസിലെ നിർമാണശാലയിൽ നിന്ന് വി 12 എൻജിനുള്ള 10,000 അവെന്റഡോർ സൂപ്പർ കാറുകൾ പുറത്തെത്തിയത്.

2011ലെ ജനീവ മോട്ടോർ ഷോയിലാണ് എൽ പി 70–4 കൂപ്പെ ആയി അവെന്റഡോർ ആദ്യം എത്തുന്നത്. കാറിനു കരുത്തേകിയിരുന്നത് 6.5 ലീറ്റർ, വി 12 എൻജിനാണ്. 700 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന ഈ എൻജിനു കൂട്ടാവട്ടെ ഏഴു സ്പീഡ് ഓട്ടമേറ്റഡ് സിംഗിൾ ക്ലച് ഗീയർബോക്സായിരുന്നു. പിന്നീട് എസ്, സൂപ്പർ വെലോസ്(എസ് വി), എസ് വി ജെ പതിപ്പുകൾ അവതരിപ്പിച്ചു ലംബോർഗ്നി അവെന്റഡോർ ശ്രേണി വിപുലീകരിച്ചു. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍  വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

click me!