ഗതാ​ഗതക്കുരുക്കിനെക്കുറിച്ച് പരാതിപ്പെടാനെത്തിയ യുവാവിന് കിട്ടിയ പണി!

By Web TeamFirst Published Feb 19, 2020, 7:43 PM IST
Highlights

സോനുവിന്റെ പരാതി കേട്ട മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ സച്ചിന്ദ്ര പട്ടേൽ രണ്ടുമണിക്കൂർ നേരത്തേക്ക് സ്ഥലത്തെ ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സർക്കിൾ ഇൻ്‍സ്പെക്ടർ റാങ്കിലുള്ള ട്രാഫിക് വളണ്ടിയർ പദവിയും താൽകാലികമായി ഉദ്യോ​ഗസ്ഥർ സോനുവുന് നൽകി. 

ലക്നൗ: ​ഗതാ​ഗതക്കുരുക്കിനെക്കുറിച്ച് പരാതിപെടാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് പൊലീസ് ഉദ്യോ​ഗസ്ഥർ. രണ്ടു മണിക്കൂർ ​ട്രാഫിക് നിയന്ത്രിക്കാനായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ സോനു ചൗഹാൻ എന്ന യുവാവിനോട് ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.

ചൊവ്വാഴ്ച ഫിറോസാബാദിലെ സുഭാഷ് ഇന്റർസെക്ഷനിലുണ്ടായ ​ഗതാ​ഗതക്കുരുക്കിലാണ് സോനു പെട്ടത്. ഏറെ സമയം കഴിഞ്ഞിട്ടും ​ഗതാ​ഗതക്കുരുക്ക് ഒഴിയാത്തതിൽ പ്രകോപിതനായ സോനു നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. തുടർന്ന് ​സ്ഥലത്തുണ്ടായ ​ഗതാ​ഗതക്കുരുക്കിനെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനോട് പരാതിപ്പെട്ടു.

സോനുവിന്റെ പരാതി കേട്ട മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ സച്ചിന്ദ്ര പട്ടേൽ രണ്ടുമണിക്കൂർ നേരത്തേക്ക് സ്ഥലത്തെ ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സർക്കിൾ ഇൻ്‍സ്പെക്ടർ റാങ്കിലുള്ള ട്രാഫിക് വളണ്ടിയർ പദവിയും താൽകാലികമായി ഉദ്യോ​ഗസ്ഥർ സോനുവുന് നൽകി. കൂടാതെ ട്രാഫിക് സുരക്ഷാ വസ്ത്രവും ഹെൽമറ്റും ഉദ്യോ​ഗസ്ഥർ സോനുവിന് നൽകിയിരുന്നു. തനിക്ക് കിട്ടിയ വസ്ത്രമൊക്കെ ധരിച്ച് യഥാർത്ഥ ട്രാഫിക് ഉദ്യോ​ഗസ്ഥനെന്ന പോലെ മറ്റ് പൊലീസുകാർക്കൊപ്പം സോനു എസ്‍‍യുവി കാറിൽ സുഭാഷ് ഇന്റർസെക്ഷനിലേക്ക് ​ഗതാ​ഗതം നിയന്ത്രിക്കാനായി പോയി.

ഫിറോസാബാദ് ട്രാഫിക് ഇൻസ്പെക്ടർ രാമദത്ത ശർമ്മയും സംഘവുമായിരുന്നു സോനുവിനൊപ്പം ഉണ്ടായിരുന്നത്. പാർക്കിങ് ലംഘനം നടത്തിയതും തെറ്റായ ദിശയിലൂടെ വാഹനമോടിച്ചതുമായ എട്ട് വാഹനങ്ങൾക്കാണ് സോനു പിഴച്ചുമത്തിയത്. ഇത്തരത്തിൽ ഏകദേശം 1600 രൂപ പിഴയായി സോനു ശേഖരിച്ചിട്ടുണ്ട്. പിഴയടക്കാനുള്ള മറ്റ് വാഹനമുടമകൾ ട്രാഫിക് ഓഫീസിൽ നേരിട്ടെത്തി പിഴയടക്കും. ഇത്തരം പരീക്ഷണങ്ങൾ വീണ്ടും നടത്തുമെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും റാംദത്ത ശർമ്മ പറഞ്ഞു. രണ്ടുമണിക്കൂർ‌ നേരം സോനുവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചതിലൂടെ മികച്ച രീതിയിൽ ട്രാഫിക് നിയന്ത്രിക്കാൻ സാധിച്ചതായും റാംദത്ത കൂട്ടിച്ചേർത്തു.

അതേസമയം, ഇത്തരമൊരു പരീക്ഷണം ട്രാഫിക് കോൺസ്റ്റബിൾസ് നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചതായി സോനു പറഞ്ഞു. ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കാൻ ജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ആവശ്യമാണ്. ഒരാൾ വാഹനം തെറ്റായ ദിശയിൽ ഓടിച്ചാൽ മറ്റുള്ളവരും അത് ആവർത്തിക്കും. അങ്ങനെ മൊത്തം ​ഗതാ​ഗത സംവിധാനങ്ങളും താളംതെറ്റും. ഈ പരീക്ഷണത്തിലൂടെ ഒരു മികച്ച ഉത്തരവാദിത്വമുള്ള പൗരനായി താൻ മാറുമെന്നും സോനു പറഞ്ഞു.  
 

click me!