മാനസി ടാറ്റ, ടൊയോട്ട ഇന്ത്യയെ ഇനി നയിക്കുന്ന പുതിയ മുഖം!

By Web TeamFirst Published Jan 20, 2023, 11:29 AM IST
Highlights

ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ മകളായ മാനസിയുടെ നിയമനം.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു. ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ മകളായ മാനസിയുടെ നിയമനം.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്‌കർ 2022 നവംബര്‍ 29നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. വിക്രം കിർലോസ്‌കറിന്റെ ഏക മകളാണ് 32കാരിയായ മാനസി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് 2022 ഡിസംബർ 26ന് മാനസി ടാറ്റ ഡയറര്‍ ബോർഡിൽ ചേർന്നിരുന്നു. നിലവില്‍ ബോർഡിലെ സജീവ അംഗമായ മാനസി നോയൽ ടാറ്റയുടെ മകൻ നെവില്‍ ടാറ്റയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 

ടൊയോട്ട കിർലോസ്‌കർ മോട്ടോറുമായുള്ള എന്റെ യാത്ര സമ്പന്നമാക്കുന്നതിൽ  ആവേശത്തിലാണെന്നും ആളുകളെ ഒന്നാമതെത്തിക്കുക എന്ന വ്യക്തിപരമായ വിശ്വാസത്തോടെ, ഉപഭോക്താക്കൾക്ക് മാത്രമല്ല, വിതരണക്കാർ മുതൽ ഡീലർമാർ വരെയുള്ള മുഴുവൻ സിസ്റ്റത്തിനും മികച്ച മൂല്യം സൃഷ്ടിക്കുന്നത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും തന്റെ പുതിയ റോളിനെക്കുറിച്ച് മാനസി ടാറ്റ പറഞ്ഞു. 

ഒരു യുവ ബിസിനസ് ലീഡർ എന്ന നിലയിൽ, എല്ലാ മേഖലകളിലെയും മികവ് പിന്തുടരുന്നതിൽ നിർണായകമായ എല്ലാവരെയും ഉൾക്കൊള്ളുന്ന ചിന്തയും ജനകേന്ദ്രീകൃത വീക്ഷണവും  മാനസി ടാറ്റ കൊണ്ടുവരുന്നുവെന്നും ഇത്, ഇന്ത്യൻ വാഹന വ്യവസായത്തെക്കുറിച്ചുള്ള അവളുടെ കൃത്യതയുള്ള ധാരണയ്‌ക്കൊപ്പം 'എല്ലാവർക്കും മാസ്സ് ഹാപ്പിനസ്' എത്തിക്കുന്നതിനുള്ള ടികെഎമ്മിന്റെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തും എന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ എംഡിയും സിഇഒയുമായ മസകാസു യോഷിമുറ വ്യക്തമാക്കി. 

നിലവിൽ ടൊയോട്ട എൻജിൻ ഇന്ത്യ ലിമിറ്റഡ്, കിർലോസ്‌കർ ടൊയോട്ട ടെക്സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട മെറ്റീരിയൽ ഹാൻഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ നേതൃത്വം വഹിക്കുന്നത് മാനസിയാണ്. അമ്മ ഗീതാഞ്ജലി കിർലോസ്‌കർ, കിർലോസ്‌കർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമാണ്. മാനസി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമാണ്. 

2019 ലാണ് മാനസി, നോയൽ ടാറ്റയുടെ മകൻ നെവില്ലിനെ വിവാഹം കഴിക്കുന്നത്.  ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനാണ് നോയൽ. ഇതോടെ മാനസിയും ടാറ്റ കുടുംബത്തിലെ അംഗമായി. ഇരുകുടുംബങ്ങളും പതിറ്റാണ്ടുകളായി നിലനിർത്തിയ സൗഹൃദമാണ് വിവാഹത്തിൽ കലാശിച്ചത്.  യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റോഡ് ഐലൻഡ് സ്‌കൂൾ ഓഫ് ഡിസൈനിംഗിൽ നിന്ന് മാനസി ബിരുദം നേടിയിട്ടുണ്ട്. നല്ലൊരു ചിത്രകാരി കൂടിയായ മാനസി പതിമൂന്നാം വയസിൽ തന്റെ ചിത്രങ്ങൾ ഒരു എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ ശാഖയായ ട്രെന്റ് ലിമിറ്റഡിന്റെ തലവനാണ് നോയൽ. ട്രെന്റ് ബ്രാൻഡുകളുടെ ഫുഡ് ശ്രേണി നെവിൽ കൈകാര്യം ചെയ്യുന്നു. 

അതേസമയം 2022 നവംബർ 25 ന് മുംബൈയിൽ നടന്ന ന്യൂ ജനറേഷൻ ടൊയോട്ട ഇന്നോവ ഹൈക്രോസ് അനാച്ഛാദന ചടങ്ങിലാണ് വിക്രം കിർലോസ്‌കറിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്‍തുകൊണ്ട് കിർലോസ്‌കർ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇന്ത്യൻ വാഹന വ്യവസായം ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാണെന്നും വാഹനങ്ങളുടെ നികുതി 10 വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം അന്നും ഊന്നിപ്പറയുകയും ചെയ്‍തിരുന്നു. 

കിർലോസ്‍കർ ഗ്രൂപ്പിന്റെ നാലാം തലമുറ തലവനായിരുന്ന വിക്രം കിർലോസ്‍ർ കിർലോസ്‍കർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാനുമായിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വിക്രം കിർലോസ്‌കർ ഇന്ത്യൻ വാഹന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. വർഷങ്ങളായി CII, SIAM, ARAI എന്നിവയിൽ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. 

click me!