"ട്രംപിന് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ല, യുഎസ് ഭീഷണി വിലപ്പോവില്ല" തുറന്നടിച്ച് മാരുതി ചെയർമാൻ

Published : Aug 29, 2025, 12:42 PM IST
RC Bhargava Trump

Synopsis

അമേരിക്കൻ താരിഫുകൾക്കെതിരെ മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ‌സി ഭാർഗവ ശക്തമായി പ്രതികരിച്ചു. ഇന്ത്യ ഐക്യപ്പെടണമെന്നും ഏത് ഭീഷണിയെയും നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

ഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നു, അതിന്റെ ഫലം പലതരം ഉൽപ്പന്നങ്ങളിലും കാണാൻ തുടങ്ങി. ഇപ്പോഴിതാ അമേരിക്കയുടെ ഈ താരിഫ് ആക്രമണത്തിന് ഇന്ത്യയുടെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ‌സി ഭാർഗവ ശക്തമായ മറുപടി നൽകിയിരിക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ശിക്ഷാ തീരുവയെ നേരിടാനും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാനും ഇന്ത്യ ഐക്യപ്പെടേണ്ടതുണ്ടെന്ന് ഭാർഗവ പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന കമ്പനിയുടെ 44-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആർ സി ഭാർഗവ ട്രംപിനെതിരെ തുറന്നടിച്ചത്. യുഎസ് സമ്മർദ്ദത്തെയും 50 ശതമാനം താരിഫിനെയും ഇന്ത്യ ശക്തമായി നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സമയത്ത് രാജ്യം ഒന്നിച്ച് കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കണമെന്നും ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങരുതെന്നും ആർ സി ഭാർഗവ വ്യക്തമായി പറഞ്ഞു.

"സമീപ മാസങ്ങളിൽ സൃഷ്‍ടിച്ച ആഗോള അനിശ്ചിതത്വത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പല തരത്തിൽ ചിന്തിക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കി. പരമ്പരാഗത നയങ്ങളിലും ബന്ധങ്ങളിലും, പ്രത്യേകിച്ച് നയതന്ത്രത്തിൽ, താരിഫുകൾ ഇത്തരമൊരു രീതിയിൽ ഉപയോഗിക്കുന്നത് ഇതാദ്യമാണ്." ഭാർഗവ പറഞ്ഞു. ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ അന്തസും ബഹുമാനവും പ്രോത്സാഹിപ്പിക്കാനും നിലനിർത്താനും പരമാവധി ശ്രമിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഈ കാര്യത്തിൽ ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങരുതെന്നും രാഷ്ട്രം ഐക്യത്തോടെ തുടരണമെന്നും ആർ സി ഭാർഗവ ഓഹരി ഉടമകളുടെ യോഗത്തിൽ പറഞ്ഞു.

അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യയുടെ കയറ്റുമതിയെയും റെഡിമെയിഡ് വസ്ത്രങ്ങൾ, വജ്രങ്ങൾ, പാദരക്ഷകൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ മേഖലകളെയും നേരിട്ട് ബാധിക്കും. ഇതുമൂലം തൊഴിലവസരങ്ങളും അപകടത്തിലാകാം. നമ്മുടെ സർക്കാരിനെ പിന്തുണയ്ക്കുകയും അന്തസ് നിലനിർത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഒരു തരത്തിലുള്ള സമ്മർദ്ദത്തിനും നാം വഴങ്ങരുത്.

ജിഎസ്‍ടി പരിഷ്‍കാരങ്ങളെ വലുതും ചരിത്രപരവുമായ ഒരു ചുവടുവയ്പ്പാണെന്ന് ആർ.സി. ഭാർഗവ വിശേഷിപ്പിച്ചു. ചെറുകാറുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു, ഇത് വ്യവസായത്തെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തുന്നു. ഇത് ഏറ്റവും ഉയർന്ന സ്ലാബാണ്. ഇതുമൂലം, ചെറുകാറുകളുടെ നികുതി ഭാരം കൂടുതൽ വർദ്ധിക്കുകയും എസ്‌യുവികൾക്ക് ഇത് ഏകദേശം 50 ശതമാനത്തിൽ എത്തുകയും ചെയ്യുന്നു. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി മാത്രമേ നിലവിൽ ചുമത്തുന്നുള്ളൂ. സർക്കാർ ജിഎസ്ടിയിൽ മാറ്റം വരുത്തിയാൽ, ചെറുകിട കാർ വിപണിക്ക് പുതുജീവൻ ലഭിക്കും. സർക്കാർ താഴ്ന്ന ക്ലാസ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് ആശ്വാസം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ പരാമർശിച്ചുകൊണ്ട് ചെറുതും, സാമ്പത്തികവും, സുരക്ഷിതവുമായ ഓപ്ഷനുകൾ ആവശ്യമാണെന്നും മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ പറഞ്ഞു. 1950 കളിൽ "കെയ് കാറുകൾ" അവതരിപ്പിച്ച ജപ്പാനെ അദ്ദേഹം ഇക്കാര്യത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ കാറുകൾ വലുപ്പത്തിൽ ചെറുതാണ്, അവയുടെ നികുതിയും കുറവാണ്. മാത്രമല്ല സുരക്ഷാ നിയമങ്ങളും ലളിതമാണെന്ന് ഭാർഗവ പറഞ്ഞു. സ്‍കൂട്ടറുകളും ബൈക്കുകളും ഓടിക്കുന്ന ആളുകൾക്ക് മികച്ച ഓപ്ഷനുകൾ നൽകാൻ കഴിയുന്ന അത്തരം കാറുകൾ ഇന്ത്യയും കൊണ്ടുവരണമെന്ന് ആർ സി ഭാർഗവ ആവശ്യപ്പെട്ടു. ഈ സമയത്ത് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം