
മാരുതി സുസുക്കിയുടെ എര്‍ടിഗ എം പി വിയുടെ പുത്തന്‍ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. സെഗ്മെന്‍റില്‍ മികച്ച വില്‍പ്പന നേടി മുന്നേറുന്ന വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ വാര്‍ത്തകള്‍.
മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വാഗണ്‍ ആര്‍ നിരത്തിലെത്തുന്നതിന് മുമ്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
എംപിവി ശ്രേണിയില്‍ എര്‍ടിഗയ്‍ക്കുള്ള ജനപ്രീതി കണക്കിലെടുത്താണ് വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഇലക്ട്രിക് വാഹനമായ വാഗണ്‍ ആര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും തൊട്ടു പിന്നാലെ ഇലക്ട്രിക് എര്‍ടിഗയുടെ നിര്‍മാണം കമ്പനി തുടങ്ങിയേക്കുമെന്നാണ് സൂചന.
ടൊയോട്ടയുമായുള്ള സഹകരണത്തിലൂടെയായിരിക്കും ഇലക്ട്രിക് എര്‍ടിഗ ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. സാധാരണ എര്‍ടിഗയെക്കാള്‍ വലിപ്പമുണ്ടായിരിക്കും ഈ മോഡലിന്. മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതിനാല്‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.