ജിപ്‍സി വീണ്ടും വിറ്റു തുടങ്ങി മാരുതി; സൈന്യത്തിന് മാത്രം

Web Desk   | Asianet News
Published : Mar 12, 2020, 10:51 AM IST
ജിപ്‍സി വീണ്ടും വിറ്റു തുടങ്ങി മാരുതി; സൈന്യത്തിന് മാത്രം

Synopsis

സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കിയെങ്കിലും സൈന്യത്തിന്റെ ആവശ്യം കണക്കിലെടുത്ത് സുരക്ഷാ മന്ത്രാലയം വാഹനത്തിന്റെ ഉത്പാദനത്തിന് പ്രത്യേക അനുമതി നൽകുകയായിരുന്നു.

ഐതിഹാസിക മോഡലായ ജിപ്‌സി സൈന്യത്തിന് വേണ്ടി വീണ്ടും നിർമ്മിച്ച് ഡെലറിവറികൾ ആരംഭിച്ച് മാരുതി സുസുക്കി. പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ച് മുതൽ മാരുതി ജിപ്‌സി ഉൽപ്പാദനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വാഹനത്തിന്റെ 3051 യൂണിറ്റുകൾ ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ജിപ്‌സിയുടെ നിര്‍മ്മാണം മാരുതി സുസുക്കി  വീണ്ടും തുടങ്ങിയിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കിയെങ്കിലും സൈന്യത്തിന്റെ ആവശ്യം കണക്കിലെടുത്ത് സുരക്ഷാ മന്ത്രാലയം വാഹനത്തിന്റെ ഉത്പാദനത്തിന് പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇങ്ങനെ ബി‌എസ്6 നിലവാരത്തിൽ നിർമിച്ച ജിപ്‌സിയുടെ ഡെലിവറി മാരുതി കഴിഞ്ഞ മാസം മുതൽ ആരംഭിച്ചു. എന്നാല്‍ രാജ്യത്ത് നിലവിലുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജിപ്‌സി സാധാരണ പൗരന്മാർക്ക് ലഭ്യമാകില്ല.

80 bhp കരുത്തും 130 Nm torque ഉം ഈ എഞ്ചിൻ പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ G-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി ജിപ്‌സിയുടെ ഹൃദയം.  ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്ന വാഹനത്തിൽ മുമ്പ് അഞ്ച് സ്പീഡ് ഗിയർബോക്സാണ് വന്നിരുന്നത്.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്.

രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി.

മൂന്നു പതിറ്റാണ്ടിനിടെ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങളൊന്നും സംഭവിച്ചില്ല.  ഇടക്കാലത്ത്  ജിപ്‌സി കിംഗ് എന്ന പേരില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. 2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി.  നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും.

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ സിനിമകളില്‍ മിന്നും താരവും ജിപ്സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്.

എന്തായാലും ജിപ്‍സിക്ക് പകരക്കാരനായി പുത്തന്‍ ജിംനിയെ മാരുതി ഉടന്‍ വിപണിയിലെത്തിക്കും. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനമാണ് വിപണിയിലേക്ക് എത്തുന്നത്. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇന്ധനവില വർദ്ധനവ് നിസാരമല്ല; നിങ്ങളുടെ കാർ യാത്രാ ചെലവുകൾ ഇനി ഇത്രയധികം വർദ്ധിക്കും