കച്ചോടം പൊടിപൊടിക്കുന്നു, ഇഗ്നീസിന് മാരുതിയുടെ വക സമ്മാനം!

By Web TeamFirst Published Aug 20, 2020, 7:53 PM IST
Highlights

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ ദില്ലി ഓട്ടോ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ ദില്ലി ഓട്ടോ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്.  രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പാണ് വാഹനം വിപണിയിൽ എത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ മികച്ച പ്രകടം കാഴ്‍ചവച്ചിരിക്കുകയാണ് ഇഗ്നിസ്.

ഇപ്പോഴിതാ മാരുതി ഇഗ്‌നിസിനായി പുതിയ ആക്സസറീസ് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.  'X10' എന്നാണ് ഈ പാക്കേജിന്റെ പേര്. പ്രാരംഭ പതിപ്പായ ഇഗ്‌നിസിന്റെ 'സിഗ്മ' വകഭേദത്തിലാണ് X10 പാക്കേജ് ലഭ്യമാകുന്നത്. ദില്ലി - എന്‍സിആര്‍ പരിധിയിലെ നെക്സ ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് നിലവില്‍ ഈ പാക്കേജ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മഡ് ഫ്‌ലാപ്പുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, വീല്‍ കവറുകള്‍, വശങ്ങള്‍ക്ക് ക്രോം മോള്‍ഡിംഗ്, ഫോഗ് ലാമ്പുകള്‍, പാര്‍സല്‍ ട്രേ എന്നിവ പോലുള്ള നിരവധി സവിശേഷതകള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. 35,321 രൂപയാണ് ഈ ആക്സസറീസ് പാക്കേജിന്റെ വില. അതേസമയം ഉപഭോക്താക്കള്‍ ഒന്നിച്ചുവാങ്ങിയാല്‍ 29,990 രൂപയ്ക്ക് ലഭിക്കും. ഏകദേശം 5,331 രൂപയോളം ഉപഭോക്താവിന് കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വാഹനത്തിലെ ബാക്കി ഫീച്ചറുകള്‍ എല്ലാം നിലവിലെ സിഗ്മ വകഭേദത്തിന് തുല്യമാണ്. പരിഷ്കരിച്ച 2020 മാരുതി സുസുക്കി ഇഗ്നിസ് നിരവധി പ്രത്യേകതയോടെയാണ് എത്തുന്നത്. റീ-സ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും നാല് സ്ലോട്ടുകളുള്ള ഗ്രില്ലും മുൻവശത്തിന്റെ ആകർഷകമാക്കുന്നു. കാറിന് കമ്പനിയുടെ പുതിയ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു പുതിയ MID യൂണിറ്റും ലഭിക്കുന്നു.

പുതിയ തരത്തിലുള്ള ബമ്പറുകൾ, സ്‍കഫ് പ്ലേറ്റുകൾ, ജിംനി എസ്‌യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുൻവശത്തെ ഗ്രിൽ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളർ ഓപ്ഷനുകൾ, കൂടുതൽ ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും.

കൂടുതല്‍ മസ്‌കുലര്‍ ഭാവം കൈവരിച്ചതാണ് ഇഗ്നീസിന് രണ്ടാം വരവില്‍ മാറ്റമൊരുക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നീസിലെ സ്‌റ്റൈലിഷാക്കുന്നു. ഹെഡ്‍ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍മോഡലിലെ വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബി-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ പുതിയ വാഹനത്തിലുമുണ്ട്.

അകത്തളങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ മാരുതിയുടെ ഏറ്റവും പുതിയ സ്‍മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിനു വഴിമാറി. പ്രീമിയം കാറുകളിലേതു പോലെ  വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഈ സിസ്റ്റത്തിനെ നിയന്ത്രിക്കാൻ സാധിക്കും. സ്‍മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.

click me!