പുത്തന്‍ അള്‍ട്ടോ, ശക്തിമരുന്ന് കഴിച്ച 'പാവങ്ങളുടെ വോള്‍വോ'!

By Web TeamFirst Published Apr 28, 2019, 9:50 AM IST
Highlights

സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അള്‍ട്ടോ ഹാച്ച് ബാക്കിനെ കൂടുതല്‍ കരുത്തനും ശക്തനുമാക്കി മാരുതി വിപണിയിലെത്തിച്ചു.  

സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അള്‍ട്ടോ ഹാച്ച് ബാക്കിനെ കൂടുതല്‍ കരുത്തനും ശക്തനുമാക്കി മാരുതി വിപണിയിലെത്തിച്ചു.  ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന എഞ്ചിനും കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളുമാണ് പുതിയ അള്‍ട്ടോയുടെ പ്രത്യേകതകള്‍.

മൂന്നു വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് നിലവിലെ മോഡലിനെക്കാള്‍ 30,000 രൂപയോളം കൂടുതലാണ്. 2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില. 22.05 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ പുത്തന്‍ അള്‍ട്ടോ സ്വന്തമാക്കാം.

കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബി.എസ്.-6 കംപ്ലൈന്റ് എന്‍ട്രി സെഗ്മെന്റ് കാറാണ് പുതിയ അള്‍ട്ടോ. 48 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമേകുന്ന 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഇന്ത്യയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കിയാണ് വാഹനത്തെ നിരത്തിലിറക്കിയിരിക്കുന്നത്. എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 

ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ട്. ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും ഹണി കോംമ്പ് ഷേപ്പിലുള്ള വലിയ എയര്‍ഡാമും പുതിയ ബമ്പറും വാഹനത്തെ വേറിട്ടതാക്കുന്നു. ബ്ലാക്ക്-ബെയ്ജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. എഫ്എം, യുഎസ്ബി, ഓക്‌സിലറി എന്നിവ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം, ആള്‍ട്ടോ കെ10-ല്‍ നല്‍കിയിരുന്ന ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഒപ്പം സെന്ററിലെ എസി വെന്റുകളുടെ സ്ഥാനവും മാറി. 

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്.  1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്. 

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാര്‍ മോഡലുകളിലൊന്നാണ് അള്‍ട്ടോ. 2018-19 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വില്പനയുള്ള യാത്രാ വാഹന മോഡൽ എന്ന നേട്ടം ആള്‍ട്ടോ സ്വന്തമാക്കിയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം)മിന്‍റെ കണക്കുകൾ അനുസരിച്ചാണ് അള്‍ട്ടോയുടെ പ്രകടനം പുറത്തുവന്നിരിക്കുന്നത്. അൾട്ടോയുടെ 2,59,401 യൂണിറ്റുകളാണ് 2018-19 ൽ വിറ്റത്. 2017-18ല്‍ ഇത് 2,58,539 യൂണിറ്റുകളായിരുന്നു. 

click me!