ജിപ്‍സീ മടങ്ങി വരൂ എന്ന് സൈന്യം, ഇപ്പം ശര്യാക്കിത്തരാം എന്ന് മാരുതി!

Published : Jun 10, 2019, 04:00 PM IST
ജിപ്‍സീ മടങ്ങി വരൂ എന്ന് സൈന്യം, ഇപ്പം ശര്യാക്കിത്തരാം എന്ന് മാരുതി!

Synopsis

ജിപ്‍സിയോടുള്ള ആത്മബന്ധം അങ്ങനങ്ങ് മറക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിയില്ലെന്നാണ് പുതിയ വാര്‍ത്തകള്‍

ഒരുകാലത്ത് ഇന്ത്യന്‍ കരസേനയുടെ കരുത്തായിരുന്ന മാരുതിയുടെ ജിപ്‌സികള്‍ സൈന്യത്തോട് വിടപറയുകയാണെന്ന വാര്‍ത്തകള്‍ വാഹനപ്രേമികള്‍ അല്‍പം വിഷമത്തോടെയാവും കേട്ടത്. പകരം ടാറ്റയുടെ സഫാരി സ്‌റ്റോം വരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ ശരിവച്ച് പട്ടാളനിറത്തിലുള്ള സഫാരി സ്റ്റോമിന്റെ ചിത്രങ്ങളും വൈറലായി. എന്നാല്‍ ജിപ്‍സിയോടുള്ള ആത്മബന്ധം അങ്ങനങ്ങ് മറക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിയില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. വീണ്ടും ജിപ്‍സികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മാരുതിക്ക് കരസേനയിൽ നിന്നും ഓർഡർ ലഭിച്ചെന്നും അങ്ങനെ ജിപ്‍സിയുടെ നിർമാണം കമ്പനി വീണ്ടും തുടങ്ങിയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

3,051 പുത്തൻ ജിപ്‍സികളാണു കരസേന വാങ്ങുന്നതെന്നാണ് സൂചന. ജിപ്‍സിയുടെ പകരക്കാരനായി ടാറ്റ സഫാരി സ്റ്റോമിനെ  തിരഞ്ഞെടുത്ത തീരുമാനം സൈന്യം തിരുത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  പകരം ജിപ്‍സി തന്നെ വാങ്ങാനാണ് സൈന്യത്തിന്റെ പുതിയ തീരുമാനം.  ചില പ്രായോഗിക പരിഗണനകളുടെ പേരിലാണ് പുതിയ തീരുമാനമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ പർവത പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിലെ ഉപയോഗത്തിനു ജിപ്‍സി തന്നെയാണു കൂടുതൽ മികച്ചതെന്നാണു സൈന്യത്തിന്‍റെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കുകളും മറ്റും ഘടിപ്പിക്കാന്‍ സോഫ്റ്റ് ടോപ് മേൽക്കൂരയുള്ള വാഹനങ്ങള്‍ക്കുള്ള പ്രത്യകതകളും ജിപ്‍സിക്ക് തുണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

970 സിസി എഞ്ചിന്‍ കരുത്തില്‍ 1985ല്‍ നിരത്തിലെത്തിയ ജിപ്‌സി ഇന്ത്യന്‍ ആര്‍മിയുടെ രാജാവ് എന്ന പദവിക്ക് ഉടമയായിരുന്നു ഒരുകാലത്ത്. ബറ്റാലിയന്‍ സൈനിക സംഘങ്ങള്‍ക്കും ഓഫീസര്‍ റാങ്കിലുള്ള സൈനികരുമാണ് ജിപ്‌സി ഉപയോഗിക്കുന്നത്.  നിലവില്‍ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെയെല്ലാം സഫാരി സ്‌റ്റോം പിടിച്ചെടുക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്.  രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. 

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് വാഹനത്തെ ജനപ്രിയമാക്കിയത്. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സികളില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്. ഒരുകാലത്തെ ഇന്ത്യന്‍ ആക്ഷന്‍ സിനിമകളിലെ മിന്നും താരവും ജിപ്‍സിയായിരുന്നുവെന്നതും ശ്രദ്ധേയം. 

മൂന്നു പതിറ്റാണ്ടിനിടെ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങളൊന്നും സംഭവിച്ചില്ല.  ഇടക്കാലത്ത്  ജിപ്‌സി കിംഗ് എന്ന പേരില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. 2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി.  നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളിലും തകർപ്പൻ പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു ആവശ്യാനുസരണം വാഹനം മാറ്റാനും കഴിയും.

പുതിയ മലിനീകരണ നിയന്ത്രണ- സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പുറത്തിറക്കാന്‍ സാധിക്കാത്തതിനാല്‍ ജിപ്‍സിയുടെ ഉൽപ്പാദനം മാരുതി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിനായി നിർമിക്കുന്ന ജിപ്‍സികൾക്ക് പരിഷ്‍കരിച്ച സുരക്ഷ, മലിനീകരണ നിയന്ത്രണ നിലവാരങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് പുതിയ ജിപ്‍സികള്‍ വാങ്ങാനും ഉപയോഗിക്കാനും കഴിയുമെന്ന് കരുതേണ്ട. രാജ്യത്തെ പ്രതിരോധ സേനകൾക്കല്ലാതെ പുതിയ ജിപ്‍സികള്‍ വാങ്ങാന്‍ സാധിക്കില്ല.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ