മൈലേജില്‍ മാരുതിയെ തോല്‍പ്പിക്കാനാകില്ല മക്കളേ, തെളിവ് പുതിയ സെലേരിയോ!

By Web TeamFirst Published Nov 5, 2021, 4:52 PM IST
Highlights

ഇന്ത്യയിലെ മറ്റ് കാർ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മറ്റെല്ലാ കാറുകളേക്കാളും കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും പുതിയ സെലേറിയോ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുതിയ തലമുറ സെലേറിയോയെ (Celerio) അടുത്തയാഴ്‍ച ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി (Maruti Suzuki) ഒരുങ്ങുന്നത്. 2021ലെ സെലേറിയോ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയിലെ മറ്റ് കാർ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മറ്റെല്ലാ കാറുകളേക്കാളും കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും പുതിയ സെലേറിയോ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുത്തന്‍ സെലേരിയോയ്ക്ക് ലിറ്ററിന് 26 കിമീ മൈലേജ് നൽകാനാകുമെന്ന് മാരുതി സുസുക്കി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. 

മാരുതി സുസുക്കി പുതിയ തലമുറ സെലേറിയോ എൻട്രി ലെവൽ ഹാച്ച്ബാക്ക് നവംബർ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ സെലെരിയോയുടെ ബുക്കിംഗ് ഈ ആഴ്‍ച കമ്പനി തുടങ്ങിയിരുന്നു. 11,000 രൂപയാണ് ബുക്കിംഗ് തുക.

ഇന്ധനക്ഷമതയുള്ള കാറുകൾക്ക് വർഷങ്ങളായി പേരുകേട്ട കമ്പനിയാണ് മാരുതി സുസുക്കി. പെട്രോൾ വില കുതിച്ചുയരുന്ന ഇക്കാലത്ത്, പെട്രോളിൽ പ്രവർത്തിക്കുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള ചില കാറുകൾ ഇപ്പോഴും മാരുതി വാഗ്ദാനം ചെയ്യുന്നു. മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ പ്രീമിയം ഹാച്ച്ബാക്കുകൾ ലിറ്ററിന് 24 കിലോമീറ്റർ മൈലേജ് നൽകുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ തലമുറ സെലേറിയോയ്ക്ക് 1.0 ലിറ്റർ K10C ഡ്യുവൽ ജെറ്റ് VVT പെട്രോൾ എഞ്ചിൻ നൽകാനാണ് സാധ്യത. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. 

ഹാർടെക്ട് പ്ലാറ്റ്‌ഫോമിൽ  നിലവിൽ ഉണ്ടായിരുന്ന സെലേറിയോയുടെ ചതുര ആകൃതിക്ക്‌ പകരം ഏറെക്കുറെ വൃത്താകൃതിയിലുള്ള ഡിസൈൻ ആണ് പുതിയ സെലേറിയോയ്ക്ക്. കൂടുതൽ വീതിയും വലിപ്പവും തോന്നുന്ന രീതിയിലാണ് പുതിയ ഡിസൈൻ. അകത്തളത്തിന്റെ രൂപ കല്പനയിലും ഏറെ മാറ്റങ്ങളുമായാണ് സെലേറിയോ എത്തിയിട്ടുള്ളത്. കൂടുതൽ യുവത്വം തോന്നും വിധം സ്‌പോർട്ടി ആയ രീതിയിൽ ഇൻഫോടൈൻമെൻറ് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ ഡാഷ്‌ബോർഡ് കൂടി പുതിയ സെലേറിയോയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ മാരുതിയുടെ മറ്റു പുതിയ മോഡലുകളിൽ ഉള്ളതുപോലുള്ള വിങ് മിറർ, വിൻഡോ സ്വിച്ച്, സീറ്റുകൾ എന്നിവ എല്ലാം പുതിയ സെലേറിയോയുടെ ആകർഷണീയത കൂട്ടുന്നു. 

2021 മാരുതി സെലേറിയോ നാല് വകഭേദങ്ങളിലും ഏഴ് വേരിയന്റുകളിലും പുറത്തിറക്കാൻ സാധ്യതയുണ്ട്.  ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്ക് അനുയോജ്യമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പോലുള്ള സവിശേഷതകൾ ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ തലമുറ സെലേറിയോയ്ക്ക് ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനോടുകൂടിയ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ലഭിക്കും. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൾട്ടി-സ്പോക്ക് സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കും.

പുതിയ സെലേറിയോയുടെ വില 4.50 ലക്ഷം രൂപയ്ക്ക് മുകളിൽ ആരംഭിക്കാനാണ് സാധ്യത. മുൻ തലമുറ സെലേറിയോയ്ക്ക് 4.66 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ടോപ്പ്-സ്പെക്ക് ട്രിമ്മിനായി ആറ് ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്.  എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഹ്യുണ്ടായ് സാൻട്രോ, ടാറ്റ ടിയാഗോ തുടങ്ങിയവരായിരിക്കും 2021 മാരുതി സെലേറിയോയുടെ മുഖ്യ എതിരാളികള്‍. 

click me!