
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ കൂടുതൽ സുരക്ഷിതമാക്കി. 2025 മാരുതി ബലേനോയുടെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. നേരത്തെ, ഈ സുരക്ഷാ സവിശേഷത ഉയർന്ന സീറ്റ, ആൽഫ ട്രിമ്മുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ഈ പുതിയ സുരക്ഷാ പരിഷ്‍കരണത്തോടെ, ബലേനോയുടെ വില 0.5 ശതമാനം വർദ്ധിപ്പിച്ചു. എങ്കിലും കമ്പനി ഇതുവരെ പുതുക്കിയ വില പട്ടിക വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, വിലവർദ്ധനവ് മുഴുവൻ ശ്രേണിയിലും ബാധകമാണോ അതോ താഴ്ന്ന സിഗ്മ, ഡെൽറ്റ ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ പരിഷ്‍കരണത്തിന് മുമ്പ്, 6.70 ലക്ഷം മുതൽ 9.92 ലക്ഷം രൂപ വരെയായിരുന്നു മാരുതി സുസുക്കി ബലേനോയുടെ എക്സ്-ഷോറൂം വില.
ബലേനോയുടെ സുരക്ഷാ കിറ്റിൽ 360-ഡിഗ്രി ക്യാമറ (ആൽഫ ട്രിമിന് മാത്രം), ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എല്ലാ യാത്രക്കാർക്കും റിമൈൻഡറുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ആങ്കറേജുകൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. 2025 മാരുതി ബലേനോ നിരയിൽ 90 bhp കരുത്ത് നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തുടരുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സിൽ ഇത് ലഭിക്കും. ഡെൽറ്റ, സീറ്റ ട്രിമ്മുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഈ ഹാച്ച്ബാക്കിൽ ലഭ്യമാണ്.
മാരുതി ബലേനോയ്ക്ക് അടുത്ത വർഷം ഒരു തലമുറ അപ്‌ഗ്രേഡ് ലഭിക്കും. ബ്രാൻഡിന്റെ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലുകളിൽ ഒന്നായിരിക്കും ഇത്. HEV എന്ന് വിളിക്കപ്പെടുന്ന മാരുതി സുസുക്കിയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ 2026 ന്റെ തുടക്കത്തിൽ ഫ്രോങ്ക്സിൽ അരങ്ങേറും. ഇത് ഒരു സീരീസ് ഹൈബ്രിഡ് സിസ്റ്റമായിരിക്കും, ഇത് ടൊയോട്ടയുടെ ആറ്റ്കിൻസൺ ഹൈബ്രിഡ് പവർട്രെയിനിനേക്കാൾ ചെലവ് കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ്, ബ്രെസ്സ തുടങ്ങിയ ബഹുജന വിപണി ഓഫറുകൾക്ക് വരും വർഷങ്ങളിൽ 1.2 ലിറ്റർ ഇസെഡ്-സീരീസ് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. പുതുതലമുറ മാരുതി ഹൈബ്രിഡ് വാഹനങ്ങൾക്ക് ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.