മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്കളേ, കിടിലന്‍ നേട്ടവുമായി സിയാസ്!

By Web TeamFirst Published Apr 17, 2019, 3:38 PM IST
Highlights

2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന്‍ എന്ന ബഹുമതി സ്വന്തമാക്കി മാരുതി സിയാസ്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന്‍ എന്ന ബഹുമതി സ്വന്തമാക്കി മാരുതി സിയാസ്. 46,000 സിയാസാണ് ഈ കാലയളവില്‍ നിരത്തിലെത്തിയത്. സെഡാന്‍ വിപണിയുടെ 30 ശതമാനവും സിയാസിനാണെന്നാണ് പുറത്തുവന്ന കണക്കുകള്‍ തെളിയിക്കുന്നത്. 

2014 ഒക്ടോബറിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.  അഞ്ചു വര്‍ഷം കൊണ്ട് 2.56 ലക്ഷം സിയാസുകളാണ് നിരത്തിലെത്തിയത്. ടോപ്പ് എന്‍ഡ് വേരിയന്റാണ് ഇതില്‍ 48 ശതമാനവും. 31 ശതമാനം പേരും തിരഞ്ഞെടുത്തത് മാരുതിയുടെ നെക്‌സ ബ്ലു നിറമായിരുന്നു.

സ്‍മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകളാണു സിയാസിന്‍റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.  ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പുതുമ.

ആദ്യമായാണ് മരുതിയുടെ വാഹനത്തില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.  ഫിയറ്റ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.3 ലിറ്റര്‍ എസ്.എച്ച്.വി.എസ് എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

എൽഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ്‌ലൈറ്റും മനോഹരമായ ഗ്രില്ലും മുൻവശത്തെ വേറിട്ടതാക്കുന്നു. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ട്. നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്. 

ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയവരാണു സിയാസിന്‍റെ മുഖ്യ എതിരാളികൾ.


 

click me!