മാരുതിക്ക് 36 വയസ്, ഇതുവരെ വിറ്റത് രണ്ട് കോടി വാഹനങ്ങള്‍!

By Web TeamFirst Published Dec 3, 2019, 4:00 PM IST
Highlights

സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് നിറംപകര്‍ന്നു കൊണ്ട് 36 വര്‍ഷത്തെ ജൈത്രയാത്രക്കിടെ രണ്ടുകോടി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി 

രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മാരുതി സുസുക്കിയുടെ ആദ്യ കാര്‍ നിരത്തിലെത്തിയിട്ട് 36 വര്‍ഷം. 1983 ഡിസംബറിലായിരുന്നു മാരുതി യാത്ര തുടങ്ങിയത്. മാരുതി 800 ആയിരുന്നു ആദ്യവാഹനം.

സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് നിറംപകര്‍ന്നു കൊണ്ട് 36 വര്‍ഷത്തെ ജൈത്രയാത്രക്കിടെ രണ്ടുകോടി പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി. അങ്ങനെ വില്‍പന രണ്ട് കോടി പിന്നിടുന്ന രാജ്യത്തെ ആദ്യ വാഹന നിര്‍മാതാക്കളെന്ന പേരും ഇനി മാരുതിക്ക് സ്വന്തം. 

ഉൽപ്പാദനം ആരംഭിച്ച് 29 വർഷം കൊണ്ടായിരുന്നു മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന ആദ്യ കോടി പിന്നിട്ടത്. എന്നാൽ തുടർന്നുള്ള ഒരു കോടി യൂണിറ്റ് വിൽപ്പന കൈവരിക്കാൻ കമ്പനിക്കു വേണ്ടിവന്നതു വെറും എട്ടു വർഷം മാത്രമാണ്. ഇതിൽതന്നെ അവസാനത്തെ 50 ലക്ഷം യൂണിറ്റ് വിൽപ്പന കഴിഞ്ഞ മൂന്നു വർഷത്തിനിടെ നേടിയതാണെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. 

തുടക്കം മുതല്‍ 1994-95 കാലയളവ് വരെ 10 ലക്ഷം വാഹനങ്ങള്‍ മാരുതി നിരത്തിലെത്തിച്ചിരുന്നു. 2005 ല്‍ വില്‍പന 50 ലക്ഷത്തിലെത്തി. 2011-12 കാലയളവോടെ ഇത് ഒരു കോടി പിന്നിട്ടു. 2016-17ല്‍ ഒന്നരക്കോടി പിന്നിട്ട വില്‍പന രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് കോടിയിലുമെത്തി. രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ മുന്‍പന്തിയിലുള്ള കമ്പനിയും മാരുതിയാണ്.

നിലവില്‍ ആള്‍ട്ടോ കെ10, ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, സെലേരിയോ എക്‌സ്, സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസോ, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ഇക്കോ, എസ്-ക്രോസ്, സിയാസ്, ബലേനോ, എക്‌സ്എല്‍6, ഇഗ്നീസ് എന്നീ കാറുകളും സൂപ്പര്‍ കാരി, ഇക്കോ കാര്‍ഗോ എന്നീ വാണിജ്യ വാഹനങ്ങളുമാണ് ഇന്ത്യയില്‍ മാരുതി സുസുക്കി നിരയിലുള്ളത്. 

ചരിത്ര നേട്ടത്തില്‍ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ പറഞ്ഞു. ഇന്ത്യക്കാർക്കു യാത്രാസൗകര്യം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കമ്പനിയാണു മാരുതി സുസുക്കിയെന്നും കാർ സ്വന്തമാക്കുക എന്ന ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും സ്വപ്‍നം സഫലമാക്കാനുള്ള തീവ്രശ്രമം കമ്പനി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!