'കളി മാരുതിയോട് വേണ്ട'; ഡിസയറിനു മുന്നില്‍ എതിരാളികള്‍ പപ്പടം!

By Web TeamFirst Published Dec 25, 2019, 3:58 PM IST
Highlights

ജനപ്രിയമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ച് മാരുതി സുസുക്കിയുടെ സെഡാനായ ഡിസയര്‍

ജനപ്രിയമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ് മാരുതി സുസുക്കിയുടെ സെഡാനായ ഡിസയര്‍. 2019 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1.2 ലക്ഷം യൂണിറ്റ് ഡിസയറുകളാണ് രാജ്യത്തെ നിരത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ 19 ലക്ഷം യുണിറ്റിന്റെ വില്‍പ്പന നടത്തി പുതിയൊരു നാഴികക്കല്ലും വാഹനം പിന്നിട്ടിരുന്നു. 2008ലായിരുന്നു  മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ.  2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വച്ചു.

2017 മെയില്‍ അവതരിപ്പിച്ച ഡിസയറാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അപ്പോഴാണ് പേര് ഡിസയര്‍ എന്നു മാത്രമാക്കിയത്. 2018ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോര്‍ഡ് ഡിസയറിനായിരുന്നു. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും സ്ഥലസൗകര്യമുള്ള അകത്തളവുമൊക്കെയായാണു വാഹനത്തിനു നേട്ടമാകുന്നത്.

2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ. അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം. പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.

ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗണല്‍ ഗ്രില്‍ വാഹനത്തിന് ന്യുജെന്‍ ഭാവം സമ്മാനിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍ഇഡി ടെയില്‍ലാമ്പും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു.

കാറിന്റെ ബൂട്ടുമായി യോജിപ്പിച്ച C -പില്ലര്‍ പ്രത്യേക രൂപഭംഗി നല്‍കുന്നു. പുതിയ പതിപ്പില്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിച്ചു. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്.

1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്.  എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്.


 

click me!