ടൊയോട്ടയുടെ 'എര്‍ട്ടിഗയും' ഇന്ത്യയിലേക്ക്

By Web TeamFirst Published Oct 25, 2021, 7:42 PM IST
Highlights

വാഹനത്തിന്‍റെ റൂമിയോണ്‍ എന്ന പേര്​ കമ്പനി ഇന്ത്യയിലും രജിസ്​റ്റർ ചെയ്‍തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടൊയോട്ടയും (Toyota) മാരുതി സുസുക്കിയും (Maruti Suzuki) തമ്മിലുള്ള കൂട്ടുകെട്ട് സജീവമാണ്. ഗ്ലാന്‍സ (Glanza) എന്ന പേരില്‍ ബലേനോയും അര്‍ബന്‍ ക്രൂസര്‍ എന്ന പേരില്‍ ബ്രസെയുമൊക്കെ നിരത്തു കീഴടക്കിക്കഴിഞ്ഞു. അടുത്തിടെയാണ് മാരുതി എര്‍ട്ടിഗയെ റൂമിയോൺ (Toyota Rumion) എന്ന പേരിൽ ടൊയോട്ട ദക്ഷിണാഫ്രിക്കൻ (South Africa) വിപണിയില്‍  അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്കും എത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ റൂമിയോണ്‍ എന്ന പേര്​ കമ്പനി ഇന്ത്യയിലും രജിസ്​റ്റർ ചെയ്‍തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

1.5-ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുള്ള വാഹനമാണ്​ എർട്ടിഗ. ടൊയോട്ട ബ്രാൻഡിൽ എത്തുമ്പോഴും ഈ ജനപ്രിയ എം.പി.വിക്ക്​ കാര്യമായ ഒരു മാറ്റവും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ച റൂമിയോണിന് ഗ്രില്ലിലെ ചെറിയ മാറ്റവും ഒപ്പം എല്ലാ സുസുക്കി ബാഡ്‍ജിംഗിനും പകരം ടൊയോട്ട ബാഡ്‍ജിംഗ് നൽകിയതൊഴിച്ചാൽ എർട്ടിഗയുമായി വലിയ വ്യത്യാസങ്ങളില്ല. ടൊയോട്ട റൂമിയോണിലും ഇന്ത്യയിൽ ഇന്തോനേഷ്യയിലും വിൽക്കുന്ന എർട്ടിഗയെ ചലിപ്പിക്കുന്ന 105 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‍തതാണ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചിരിക്കുന്ന ടൊയോട്ട റൂമിയോൺ എന്നാണ് റിപ്പോർട്ടുകൾ. സൗത്ത് ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിൽ മാരുതി സുസുക്കി ബലെനോ ഇപ്പോൾ ടൊയോട്ട വിൽക്കുന്നുണ്ട്. നിലവിൽ റൂമിയോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതുസംബന്ധിച്ച് കാര്യം വ്യക്തമല്ല.

മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്. 

അതേസമയം ടൊയോട്ട ഇന്ത്യയിൽ റൂമിയോണ്‍ എന്ന പേര് ട്രേഡ്​മാർക്ക് ചെയ്‌ത സാഹചര്യത്തിൽ വാഹനം ഉടൻ വിപണിയിൽ എത്തുമെന്നാണ്​ സൂചന. എന്നാൽ പുറത്തിറക്കില്‍ തീയതി ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. സിയാസ് അടിസ്ഥാനമായുള്ള ബെൽറ്റ സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തിരക്കിലാണ് നിലവില്‍ ടൊയോട്ട. നിർത്തലാക്കിയ യാരിസ് സെഡാന്റെ പകരക്കാരനായി ബെൽറ്റ എത്തും. ബെൽറ്റ സെഡാന്റെ ഉത്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍​. 

click me!