എട്ടരവര്‍ഷം, നിരത്തിലെത്തിയത് അഞ്ചരലക്ഷം എര്‍ട്ടിഗകള്‍

By Web TeamFirst Published Nov 19, 2020, 1:38 PM IST
Highlights

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി എര്‍ട്ടിഗ

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി എര്‍ട്ടിഗ. ഇതുവരെ 5.5 ലക്ഷത്തിലധികം യൂണിറ്റ് എര്‍ട്ടിഗകള്‍ വിറ്റെന്ന് മാരുതി പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരത്തിലെത്തി എട്ടരവര്‍ഷം കൊണ്ടാണ് ഈ നേട്ടം.

ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉല്‍പാദിപ്പിക്കുന്ന മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്. 

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് 47 ശതമാനം വിപണി വിഹിതമാണ് എര്‍ട്ടിഗയ്ക്കുള്ളതെന്ന് കമ്പനി അറിച്ചു. 1.5 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍, സ്മാര്‍ട്ട് ഹൈബ്രിഡ് ആന്‍ഡ് എ.ടി. ടെക്‌നോളജി, ഫാക്ടറിയില്‍ ഘടിപ്പിച്ച എസ്.സി.എന്‍.ജി. ടെക്‌നോളജിയുമായി വരുന്ന ഏക എം.പി.വി. എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് എര്‍ട്ടിഗ എത്തിയിരുന്നത്. എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോൾ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവി നിര്‍മ്മിക്കുന്നത്. 104 bhp കരുത്തും 138 Nm ടോർക്കും 1.5 ലിറ്റര്‍ SHVS യൂണിറ്റ് എൻജിൻ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്‍കിയിരിക്കുന്നു.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്യുവല്‍ എയര്‍ബാഗ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

അടുത്തിടെയാണ് എര്‍ട്ടിഗയ്ക്ക് മാരുതി സ്‍മാർട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ,  ബ്ലൂടൂത്ത് കണക്ടിവിറ്റി,  ഓക്സിലറി ഇൻ,  യുഎസ്ബി പോർട്ട്, മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം മുതലായവ ഈ സിസ്റ്റത്തിൽ മാരുതി ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു ചില ആപ്ലിക്കേഷനുകൾ കൂടി ഈ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നതാണ്.

click me!