ഇന്നോവ കിതക്കുമ്പോള്‍ എര്‍ടിഗ കുതിക്കുന്നു

By Web TeamFirst Published Mar 21, 2020, 12:13 PM IST
Highlights

ഇന്ത്യയിൽ ഏറ്റവും അധികം ഡിമാൻഡ് ഉള്ള സെഗ്മെന്റായ എംപിവി സെഗ്മെന്റില്‍ മാരുതി എര്‍ട്ടിഗക്ക് മികച്ച നേട്ടം.   

ഇന്ത്യയിൽ ഏറ്റവും അധികം ഡിമാൻഡ് ഉള്ള സെഗ്മെന്റായ എംപിവി സെഗ്മെന്റില്‍ മാരുതി എര്‍ട്ടിഗക്ക് മികച്ച നേട്ടം.  ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രകാരം മാരുതി എർട്ടിഗക്ക്  2019 ഫെബ്രുവരിയെക്കാള്‍ ഈ വർഷം ഫെബ്രുവരിയിൽ 48% അധിക വില്പന നേടാൻ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരിയിൽ 11782 അധിക യൂണിറ്റുകൾ ആണ് കഴിഞ്ഞ വർഷത്തേക്കാൾ മാരുതി വിറ്റഴിച്ചത്. 

മാരുതി എർട്ടിഗ,  മഹീന്ദ്ര മറാസോ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങൾ അരങ്ങുവാഴുന്ന ഈ സെഗ്മെന്റിൽ  എര്‍ട്ടിഗയുടെ നേട്ടം മാരുതിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

6000 rpm ൽ 103 bhp കരുത്തും, 4400 rpm ൽ 138Nm ടോർക്കും ഉല്പാദിപ്പിക്കുന്ന 1.5ലിറ്റർ പെട്രോൾ എഞ്ചിൻ ആണ് എർട്ടിഗയുടെ ഹൃദയം. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ഗിയര്ബോക്സുകൾ നൽകിയിരിക്കുന്നു. BS6 നിലവാരത്തിൽ ഉള്ള 1.5ലിറ്റർ പെട്രോൾ എഞ്ചിൻ 2019 ജൂലൈ മുതൽ തന്നെ എർട്ടിഗയിൽ ലഭ്യമാണ്. എന്നാൽ BS6 ലേക്ക് ഡീസൽ എഞ്ചിനുകൾ മാറ്റില്ല എന്ന് മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വിപണിയിൽ ഉള്ള BS4 DDIS ഡീസൽ എഞ്ചിനുകൾ ഈ മാസം അവസാനം വരെ മാത്രമേ വില്പനക്ക് ഉണ്ടാകൂ. 

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്.

മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

കൂടുതൽ വലുപ്പവും കൂടുതൽ ഫീച്ചേഴ്സും ഉൾക്കൊള്ളിച്ച ഈ വാഹനം വളരെ പെട്ടന്ന് തന്നെ വിപണി കയ്യടക്കുകയും ചെയ്തു. പുത്തൻ രൂപകല്പനയിൽ വിപണിയിൽ എത്തിച്ച  ഈ വാഹനത്തിൽ LED DRL, ഫ്ലോട്ടിങ് റൂഫ് ഡിസൈൻ, ടച്ച്‌ സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, പുത്തൻ ഡാഷ്‌ബോർഡ്, കൂടുതൽ ലെഗ്‌റൂം, ഹെഡ്‍റൂം മുതലായവ  നൽകിയിട്ടുണ്ട്. ഗ്ലോബൽ NCAP  ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിങ്ങും എർട്ടിഗ സ്വന്തമാക്കി. 

click me!