Latest Videos

എന്തൊരു ലുക്ക്, ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതിയേ..! പഴയ വന്‍മരത്തിന്‍റെ പിന്‍ഗാമി, പ്രതീക്ഷയോടെ കമ്പനി

By Web TeamFirst Published Sep 13, 2022, 4:44 PM IST
Highlights

5-വാതിലുകളുള്ള മാരുതി ജിംനി ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് 2023-2024 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും.

അടുത്ത വർഷം രാജ്യത്തെ വാഹനവിപണി  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്‌യുവി ലോഞ്ചുകളില്‍ ഒന്നാണ്  മാരുതി സുസുക്കി ജിംനിയുടേത് . 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി അതിന്റെ 3-ഡോർ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഓഫ്-റോഡ് എസ്‌യുവിയുടെ 5-ഡോർ പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 5-വാതിലുകളുള്ള മാരുതി ജിംനി ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് 2023-2024 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി കമ്പനി രാജ്യത്ത് വാഹനത്തിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് ഡോർ മാരുതി ജിംനി അതിന്റെ മൂന്ന് ഡോർ പതിപ്പിനേക്കാൾ 300 എംഎം നീളമുള്ളതായിരിക്കും. ഇതിന്റെ വീൽബേസും 300 എംഎം വർധിപ്പിക്കും. ഓഫ് റോഡ് എസ്‌യുവിക്ക് 3850 എംഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബേസും ഉണ്ടാകും.

മാനുവൽ (5-സ്പീഡ്), ഓട്ടോമാറ്റിക് (6-സ്പീഡ്) ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ബ്രാൻഡിന്റെ 1.5L K15C ഡ്യുവൽജെറ്റ് എഞ്ചിൻ ഓഫ്-റോഡ് എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഥാറിന് സമാനമായി, 4WD സിസ്റ്റത്തിനായുള്ള മാനുവൽ ഓപ്പറേറ്റഡ് ട്രാൻസ്ഫർ കെയ്സുമായാണ് ജിംനി എത്തുന്നത്.

ചുവന്ന ഹൈലൈറ്റുകളുള്ള സ്‌പോർട്ടി അലോയി വീലുകൾ ഫീച്ചർ ചെയ്യുന്ന പരീക്ഷണപ്പതിപ്പ് ഏറെക്കുറെ മറച്ച നിലയിലാണ്.  അതിന്റെ ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീൽ കാണാം. ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള ആഗോളതലത്തിൽ വിൽക്കുന്ന മോഡലിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ-സ്പെക്ക് പുതിയ മാരുതി ജിംനി വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റുമായി വരാൻ സാധ്യതയുണ്ട്. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും.

ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ മോഡൽ ലൈനപ്പിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ലോഞ്ച് ചെയ്‍തു കഴിഞ്ഞാൽ, 5-ഡോർ മാരുതി ജിംനി വരാനിരിക്കുന്ന 5-ഡോർ മഹീന്ദ്ര ഥാർ, 5-ഡോർ ഫോഴ്സ് ഗൂർഖ എന്നിവയെ നേരിടും. ജിംനിയുടെ ഈ രണ്ട് പ്രധാന എതിരാളികളും അടുത്ത വർഷം അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന മാരുതി ഓഫ്-റോഡ് എസ്‌യുവിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ സമീപഭാവിയിൽ വെളിപ്പെടുത്തിയേക്കും. 
 

click me!