പെട്രോള്‍ എസ് - ക്രോസ്; അവതരണ ദിവസം പുറത്തുവിട്ട് മാരുതി

By Web TeamFirst Published Jul 17, 2020, 1:57 PM IST
Highlights

ഈ വാഹനത്തെ മാരുതി സുസുക്കി 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ്-19 കാരണം അവതരണം വൈകുകയായിരുന്നു.

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്‍റെ പെട്രോൾ ബിഎസ് 6 പതിപ്പ് ജൂലൈ 29 ന് വിപണിയിലേക്കെത്തും. ഈ വാഹനത്തെ മാരുതി സുസുക്കി 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലോകവ്യാപകമായി ബാധിച്ച കൊവിഡ്-19 കാരണം അവതരണം വൈകുകയായിരുന്നു.

വാഹനത്തിന്‍റെ ഡീസൽ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്-ക്രോസ് പെട്രോളിന്റെ വില അല്പം കുറയാനാണ് സാധ്യത. അതായത് വരാനിരിക്കുന്ന പുതിയ പതിപ്പിന് ഏകദേശം 8.5-11.5 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. 

ബിഎസ് 6 1.5 ലിറ്റർ കെ 15 ബി പെട്രോൾ മോട്ടോർ ആയിരിക്കും മാരുതി സുസുക്കി എസ്-ക്രോസിൽ ഉപയോഗിക്കുന്നത് . ഈ എഞ്ചിന്‍ 103.5 ബിഎച്ച്പിയും 138 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും എയ്‌സിനിൽ നിന്നുള്ള നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ഇത് ബന്ധിപ്പിക്കും. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന സുസുക്കിയുടെ എസ്എച്ച് വി എസ് മിൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തിന് നൽകും.

മെക്കാനിക്കൽ മാറ്റത്തിന് പുറമെ, ബി‌എസ് 6 മാരുതി സുസുക്കി എസ്-ക്രോസിന്  പുറംഭാഗത്തോ ഇന്റീരിയറുകളിലോ അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ ആകെ നാല് വേരിയന്റുകളിലാകും വാഹനം എത്തുക. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റിനോ ഡസ്റ്റർ എന്നിവയുടെ പെട്രോൾ പതിപ്പുകളായിരിക്കും എതിരാളികള്‍. വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് കമ്പനി നേരത്തെ തുടങ്ങിയിരുന്നു. നിലവിലുള്ളതുപോലെതന്നെ നെക്സ ഡീലർഷിപ്പ് വഴിയായിരിക്കും വാഹനത്തിന്റെ വില്പന.
 

click me!