സാങ്കേതിക തകരാര്‍, മാരുതി തിരിച്ചുവിളിക്കുന്നത് 1.35 ലക്ഷം കാറുകള്‍!

By Web TeamFirst Published Jul 16, 2020, 12:09 PM IST
Highlights

രണ്ടു മോഡലുകളിലുമായി ഏകദേശം 1,34,885 കാറുകള്‍ തിരിച്ചുവിളിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. ഇതില്‍ വാഗണ്‍ ആര്‍ മാത്രം 55,663 വാഹനങ്ങള്‍ വരും.  78,222 ബലേനൊയും ഉള്‍പ്പെടും. 

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രമുഖ മോഡലുകളായ ബലേനോയും വാഗണ്‍ ആറും തിരിച്ചുവിളിക്കുന്നു. ഈ മോഡലുകളില്‍ പുറത്തിറങ്ങിയ ഒന്നര ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചത്. ഈ വാഹനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ മോഡലുകളുടെ ഫ്യുവൽ പമ്പില്‍ കമ്പനി നിർമാണ തകരാർ സംശയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. 2018 നവംബറിനും 2019 ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഗണ്‍ ആര്‍, 2019 ജനുവരിക്കും 2019 നവംബറിനും മധ്യേ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഒരു ലീറ്റർ എൻജിനോടെ എത്തുന്ന വാഗൻ ആർ കാറുകൾക്കാണ് പരിശോധന ആവശ്യമായി വരിക. ബലേനൊയുടെയും പെട്രോൾ പതിപ്പുകളിലാണ് തകരാര്‍ സംശയിക്കുന്നത്. 

രണ്ടു മോഡലുകളിലുമായി ഏകദേശം 1,34,885 കാറുകള്‍ തിരിച്ചുവിളിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. ഇതില്‍ വാഗണ്‍ ആര്‍ മാത്രം 55,663 വാഹനങ്ങള്‍ വരും.  78,222 ബലേനൊയും ഉള്‍പ്പെടും. 

പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമസ്ഥരെ ഡീലർഷിപ്പുകൾ മുഖേന മാരുതി സുസുക്കി തന്നെ വിവരം അറിയിക്കും. കൂടാതെ കമ്പനിയുടെ വെബ് സൈറ്റ് സന്ദർശിച്ചു ഉടമകള്‍ക്കു തന്നെ പരിശോധന ആവശ്യമുള്ള കാറുകൾ കണ്ടെത്താനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഷാസി നമ്പർ നൽകിയാൽ കാറിനു പരിശോധന ആവശ്യമുണ്ടോ ഇല്ലയോ എന്നു തിരിച്ചറിയാം. തകരാറിലായ ഫ്യൂവല്‍ പമ്പുകള്‍ സൗജന്യമായി മാറ്റി നല്‍കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!