കരകയറി മാരുതി, മിന്നുംപ്രകടനത്തില്‍ അമ്പരന്ന് വാഹനലോകം!

By Web TeamFirst Published Sep 2, 2020, 8:34 AM IST
Highlights

പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കരകയറുന്നു


പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കരകയറുന്നു. ആഭ്യന്തര വിപണിയിൽ 2020 ആഗസ്റ്റില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്‍ചവച്ചത്. ആഗസ്റ്റ് മാസത്തിൽ മൊത്തം 124,624 യൂണിറ്റുകൾ വിറ്റഴിച്ചെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ 1,06,413 യൂണിറ്റകളായിരുന്നു മാരുതി വിറ്റത്.  

മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങളായ അള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകളാണ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. അള്‍ട്ടോ, എസ്-പ്രെസോ മോഡലുകളുടെ വില്‍പ്പന 19,709 യൂണിറ്റായിരുന്നു.  സെലെറിയോ, ഇഗ്നിസ്, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്ന കോംപാക്‌ട് വിഭാഗത്തിൽ 61,956 യൂണിറ്റ് വിൽപ്പനയാണ് മാരുതി സ്വന്തമാക്കി. എന്നാല്‍ സെഡാന്‍ വിഭാഗത്തില്‍ സിയാസ് മിഡ് സൈസ് സെഡാന്റെ 1,223 യൂണിറ്റുകള്‍ മാത്രം വിൽക്കാനാണ് മാരുതി സുസുക്കിക്ക് സാധിച്ചത്. 

യൂട്ടിലിറ്റി വാഹനങ്ങളായ എര്‍ട്ടിഗ, എക്‌സ്എല്‍6, ബ്രെസ, എസ്-ക്രോസ്, ജിപ്‌സി തുടങ്ങിയ വാഹനങ്ങളും മികച്ച നിലയിലായിരുന്നു. ഈ ശ്രേണിയിലെ 21,030 യൂണിറ്റ് നിരത്തുകളിലെത്തിച്ച 13.5 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി. മാരുതി ഓമ്‌നി, ഇക്കോ വാനുകളുടെ 9,115 യൂണിറ്റുകൾ കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചു. 5.3 ശതമാനമാണ് വാന്‍ വിപണിയിലെ വളര്‍ച്ച. ബ്രാൻഡിന്റെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 113,033 യൂണിറ്റാണ്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന യഥാക്രമം 2,292 യൂണിറ്റും 1,379 യൂണിറ്റുമാണ്. 

ആറ് മാസത്തിന് ശേഷമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന നേട്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മാസം വരെ തൊട്ടുമുമ്പുള്ള മാസത്തെ അപേക്ഷിച്ചുള്ള വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജൂലൈയില്‍ 1,08,064 യൂണിറ്റായിരുന്നു മാരുതിയുടെ വില്‍പ്പന. അതേസമയം, ജൂണില്‍ ഇത് 57,428 യൂണിറ്റായിരുന്നു. 

അതേസമയം മാരുതിയുടെ വാഹന കയറ്റുമതി ഇടിഞ്ഞു എന്നാണ് കണക്കുകള്‍. 2020 ഓഗസ്റ്റിലെ കയറ്റുമതി 7,920 യൂണിറ്റായിരുന്നു. 2019ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.3 ശതമാനം ഇടിവാണ് കയറ്റുമതി വിപണിയിൽ കമ്പനി നേരിടുന്നത്.  

click me!