പ്രതിസന്ധികളെ അതിജീവിച്ച് മാരുതി, ജൂണിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്

By Web TeamFirst Published Jul 3, 2021, 3:39 PM IST
Highlights

ജൂണ്‍ മാസത്തില്‍ മികച്ച നേട്ടവുമായി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 

2021 ജൂണ്‍ മാസത്തിലെ പ്രതിമാസ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച നേട്ടവുമായി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 147,368 യൂണിറ്റായിരുന്നു കമ്പനിയുടെ മൊത്തം വില്‍പന എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതി കണക്കുകളും ഉള്‍പ്പെടെയാണിത്.  ഇതില്‍ 1,30,348 യൂണിറ്റിന്റെ മൊത്തം ആഭ്യന്തര വില്‍പ്പനയും 17,020 യൂണിറ്റിന്റെ കയറ്റുമതിയും ഉള്‍പ്പെടുന്നു. മേയില്‍ 46555 കാറുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്താണിത്. 

കണക്കുകൾ അനുസരിച്ച് 2021 മെയ് മാസത്തില്‍ വിറ്റ 46,555 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ജൂണില്‍ മൂന്നു മടങ്ങോളം പ്രതിമാസ വളര്‍ച്ച കമ്പനി സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ മൊത്തം വില്‍പ്പന 2020 ജൂണില്‍ 57,428 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി 156 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചുവെന്നാണ് റിപ്പോർട്ട്.

2021 മെയ് മാസത്തില്‍ കയറ്റുമതി ചെയ്ത 11,262 യൂണിറ്റുകളെ അപേക്ഷിച്ച് 2021 ജൂണില്‍ 51 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. 2020 ജൂണില്‍ കയറ്റുമതി ചെയ്ത 4,289 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസത്തെ കയറ്റുമതി ഏകദേശം 4 മടങ്ങ് കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. മാരുതി സുസുക്കി 2021 ജൂണില്‍ 1,916 യൂണിറ്റ് സൂപ്പര്‍ കാരി ലൈറ്റ് കൊമേഴ്സ്യല്‍ വാഹനവും വിറ്റു. 2020 ജൂണില്‍ വിറ്റ 1026 യൂണിറ്റുകളെ അപേക്ഷിച്ച് 87 ശതമാനം വളര്‍ച്ചയാണ് സൂപ്പര്‍ കാരി നേടിയത്.

മാരുതിയുടെ ചെറു കാറുകളായ അള്‍ട്ടോ, എസ് പ്രസോ എന്നിവ 17439 യൂണിറ്റുകള്‍ വീതം വിറ്റു. മേയില്‍ 4760 യൂണിറ്റുകള്‍ മാത്രമായിരുന്നു ഇവയുടെ വില്‍പ്പന. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്. ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 68,849 ആയി ഉയര്‍ന്നു. മെയ് മാസത്തില്‍ വെറും 20343 യൂണിറ്റ് ആയിരുന്നു. വിറ്റാര ബ്രെസ, എസ് ക്രോസ്, എര്‍ട്ടിഗ തുടങ്ങിയവയുടെ വില്‍പ്പനയും കൂടി. ഇന്ത്യയിലെ ഗ്രാമീണ നഗര പ്രദേശങ്ങളിലെല്ലാം ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ മെയ് മാസത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഷോറൂമുകള്‍ ജൂണില്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഈ പ്രതിസന്ധികള്‍ക്കും ഇടയിലാണ് മാരുതിയുടെ ഈ നേട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!