Latest Videos

അഞ്ച് വര്‍ഷം, നെക്സയിലൂടെ മാരുതി വിറ്റത് ഇത്രയും ലക്ഷം കാറുകള്‍!

By Web TeamFirst Published Jul 24, 2020, 3:52 PM IST
Highlights

അഞ്ച് വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. അതിനു ശേഷം ഇതുവരെ ഈ ശൃഖലയിലൂടെ വിറ്റഴിച്ച കാറുകളുടെ എണ്ണം 11 ലക്ഷം

രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ.  അഞ്ച് വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. അതിനു ശേഷം ഇതുവരെ ഈ ശൃഖലയിലൂടെ വിറ്റഴിച്ച കാറുകളുടെ എണ്ണം 11 ലക്ഷം പിന്നിട്ടതായി കമ്പനി അറിയിച്ചു. 

2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയില്‍ എത്തിച്ച വാഹനം.  മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.

രാജ്യത്തെ 200 നഗരങ്ങളിലായി 370 ഷോറൂമുകളുള്ള മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് നെറ്റ്‌വര്‍ക്കാണ് നെക്സ നെറ്റ്‌വര്‍ക്കെന്ന് മാരുതി സുസുക്കി പറയുന്നു. ഇഗ്‌നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, XL6 തുടങ്ങിയ മോഡലുകള്‍ നിലവില്‍ നെക്‌സ ഡീലര്‍ഷിപ്പ് വഴിയാണ് വില്‍ക്കുന്നത്. 

കാറുകൾ വിൽക്കുന്നതിനപ്പുറത്തേക്ക് പോകാനും ചില്ലറ വില്‍പ്പനയുടെ പുതിയ അനുഭവം സൃഷ്ടിക്കാനും ഇന്ത്യയിലെ ഒരു ഓട്ടോമൊബൈൽ കമ്പനി നടത്തിയ ആദ്യത്തെ സംരംഭമായാണ് നെക്സയെ അടയാളപ്പെടുത്തുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു. 

രാജ്യത്തെ മൂന്നാമത്തെ വലിയ റീട്ടെയിൽ ഓട്ടോമൊബൈൽ റീട്ടെയിൽ ചാനലായ നെക്‌സ ഉപഭോക്താക്കളില്‍ 50 ശതമാനവും 35 വയസ്സിന് താഴെയുള്ളവരും സാങ്കേതിക വിദഗ്ധരുമാണ് എന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ജൂലൈ മാസത്തില്‍ നെക്‌സ വഴി വിപണിയില്‍ എത്തുന്ന മോഡലുകള്‍ക്ക് നിരവധി ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 

click me!