പിടിച്ചുനില്‍ക്കണം, അടിമുടി മാറാനൊരുങ്ങി മാരുതി സ്വിഫ്റ്റ്

By Web TeamFirst Published Jan 13, 2021, 2:28 PM IST
Highlights

എതിരാളികളില്‍ നിന്നും കടുത്ത മത്സരമാണ് സ്വിഫ്റ്റിനു നേരിടേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ പുതുക്കിയ 2021 സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ പുറത്തിറക്കാൻ ഒരുങ്ങുകയാണ്  മാരുതി സുസുക്കി.

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. അടുത്തകാലത്തായി ഫോര്‍ഡ് ഫിഗോ,  ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയ എതിരാളികളില്‍ നിന്നും കടുത്ത മത്സരമാണ് സ്വിഫ്റ്റിനു നേരിടേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ പുതുക്കിയ 2021 സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. വാഹനം പരീക്ഷണ ഓട്ടത്തില്‍ ആണെന്നും ഫെയ്‌സ്ലിഫ്റ്റ് ചെയ്‍ത പുത്തന്‍ സ്വിഫ്റ്റ് മാർച്ചിൽ ഇന്ത്യന്‍ വിപണിയിൽ എത്തുമെന്നും ഹിന്ദുസ്ഥാന്‍ ടൈസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോസ്മെറ്റിക് മാത്രമല്ല മെക്കാനിക്കൽ  പരിഷ്‍കരണങ്ങളും പുതിയ വാഹനത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പുതുക്കിയ ഗ്രിൽ, ചെറുതായി പുനർനിർമ്മിച്ച ലൈറ്റുകൾ തുടങ്ങിയവയായിരിക്കും പുറംമോടിയിലെ മാറ്റങ്ങള്‍. അകത്ത്, അപ്ഹോൾസ്റ്ററിക്ക് പുതിയ തുണിത്തരങ്ങളും നിരവധി പുതിയ സവിശേഷതകളും നല്‍കിയേക്കും. ഓട്ടോമാറ്റിക് എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റിയർ ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, ഗോ തുടങ്ങിയ  കാറിലെ മറ്റ് ഫീച്ചറുകളൊക്കെ സമാനമായി തുടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പുത്തന്‍ എഞ്ചിന്‍ തന്നെയാകും 2021 സ്വിഫ്റ്റിനെ വേറിട്ടതാക്കുന്നത്. പുതിയ കെ 12 എൻ ഡ്യുവൽ ജെറ്റ് യൂണിറ്റായിരിക്കും എഞ്ചിനിലെ പ്രധാന മാറ്റം. നിലവിലെ 1.2 ലിറ്റർ നാല് സിലിണ്ടർ കെ 12 എം എഞ്ചിനേക്കാൾ ഈ എഞ്ചിന്‍ കൂടുതൽ ഊർജ്ജം നൽകുമെന്ന് മാത്രമല്ല, മികച്ച ഇന്ധനക്ഷമതയും വാഗ്‍ദാനം ചെയ്യും.  അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് യൂണിറ്റുകളായിരിക്കും ട്രാന്സ്‍മിഷന്‍. 

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, വേരിയന്റിനെ ആശ്രയിച്ച് നിലവിലെ മോഡലില്‍ നിന്നും 15,000 രാപ മുതല്‍ 20,000 രൂപ വരെ എങ്കിലും വർദ്ധനവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോർഡ് ഫിഗോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയവരായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍. 

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എബിഎസ് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുന്‍ഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്തിരുന്നു. 

2020 ഒക്ടോബറില്‍  സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പിനെ കമ്പനി പുറത്തിറക്കിയിരുന്നു. സ്വിഫ്റ്റിന്റെ ഏഴു വകഭേദങ്ങളും പരിമിതകാല പതിപ്പായി വിപണിയിലുണ്ട്.  എൽ എക്സ്ഐ, വിഎക്സ്ഐ, സെഡ് എക്സ് ഐ, സെഡ്എക്സ്ഐപ്ലസ് വകഭേദങ്ങളെല്ലാം പ്രത്യേക പതിപ്പായി ലഭിക്കും. കാറിന്റെ അകത്തും പുറത്തും പരിഷ്‍കാരങ്ങൾ നടപ്പാക്കുന്ന അക്സസറി പാക്കേജാണു കമ്പനി അവതരിപ്പിക്കുന്നത്. 

ഗ്ലോസ് ബ്ലാക്ക് നിറമടിച്ച മുൻഭാഗം, പാർശ്വം, പിൻ സ്കർട്ട്, വിൻഡോകളിൽ റയിൻ ഡിഫ്ലക്ടർ, ഡോറിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ട്രിം തുടങ്ങിയവ അക്സസറികളാണു സ്വിഫ്റ്റ് പ്രത്യേക പതിപ്പിൽ ലഭിക്കുക. കൂടാതെ ഗ്ലോസ് ബ്ലാക്ക് പിൻ സ്പോയ്ലർ, മുൻ ഗ്രില്ലിലും ടെയിൽ ലൈറ്റിലും ഫോഗ് ലൈറ്റ് ക്ലസ്റ്ററിലുമൊക്കെ കറുപ്പിന്റെ സ്പർശം തുടങ്ങിയവുമുണ്ട്. പുത്തൻ സ്പോർട്ടി സീറ്റ് കവറുകളും ഈ പരിമിതകാല പതിപ്പിന്റെ അക്സസറി പായ്ക്കിൽ ഇടംപിടിക്കുന്നുണ്ട്.

മെക്കാനിക്കലായ മാറ്റങ്ങളൊന്നും പുതിയ വകഭേദത്തിനില്ല. നിലവിലെ എഞ്ചിന്‍ തന്നെയാണ് പുതിയ വാഹനത്തിന്‍റെയും ഹൃദയം. 1.2 ലീറ്റർ, കെ 12 ബി പെട്രോൾ എൻജിനോടെ മാത്രമാണു നിലവിൽ സ്വിഫ്റ്റ് വിൽപ്പനയ്ക്കെത്തുന്നത്  ഈ എഞ്ചിന്‍ 83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കും. 

click me!