ഈ കാറുകള്‍ ഇനി ഉണ്ടാക്കുന്നത് യുക്തിസഹമല്ലെന്ന് മാരുതി!

By Web TeamFirst Published Jul 21, 2020, 5:02 PM IST
Highlights

നിലവിലെ സാഹചര്യത്തിൽ ശേഷി കുറഞ്ഞ ഡീസൽ എൻജിൻ വികസിപ്പിക്കുന്നതു തീർത്തും യുക്തിരഹിതമാണെന്ന് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍ മോഡലുകളിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റിനായി, ബിഎസ് 6 ഡീസല്‍ യൂണിറ്റ് അവതരിപ്പിക്കുന്നത് സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോള്‍ യുക്തിസഹമാവില്ലെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 

സാമ്പത്തികാടിസ്ഥാനത്തിൽ ചെറു കാറുകൾക്കായി ബിഎസ് 6 നിലവാരമുള്ള ഡീസൽ എൻജിനുകൾ വികസിപ്പിക്കുന്നതു യുക്തിസഹമല്ലാത്തതിനാല്‍ പകരം സിഎൻജി മോഡലുകളുടെ എണ്ണം വർധിപ്പിക്കാനുമാണ് മാരുതി സുസുക്കിയുടെ നീക്കം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തിൽ ശേഷി കുറഞ്ഞ ഡീസൽ എൻജിൻ വികസിപ്പിക്കുന്നതു തീർത്തും യുക്തിരഹിതമാണെന്ന് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാച്ച്ബാക്ക് വിഭാഗത്തിൽ ഡീസലിന്റെ വിഹിതം അഞ്ചു ശതമാനമാണ്. സെഡാൻ, എൻട്രി ലവൽ എസ് യു വി വിഭാഗഹങ്ങളിലും ഡീസൽ മോഡലുകൾ ഇടിവു രേഖപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ഡീസൽ എൻജിൻ വികസിപ്പിക്കുന്നത് ഒട്ടും ആദായകമാവില്ലെന്ന് ശ്രീവാസ്‍തവ പറയുന്നു.

ഡീസലിന്റെ അഭാവത്തിൽ സിഎൻജി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷം സിഎൻജി ഇന്ധനമാക്കുന്ന 1.07 കാറുകളാണു കമ്പനി വിറ്റത്. ഇക്കൊല്ലം വിൽപന 1.40 – 1.50 ലക്ഷമാക്കി ഉയർത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ ഹരിത സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 10 ലക്ഷം കാറുകള്‍ വരുന്ന അഞ്ചു വര്‍ഷത്തിനിടെ വിറ്റഴിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.  സിഎന്‍ജി പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ കമ്പനി നിലവില്‍ ആള്‍ട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗണ്‍ ആര്‍, എര്‍ട്ടിഗ എന്നിവ വാഗ്ദാനം ചെയ്യുന്നു. സമീപ ഭാവിയിലും മാരുതി സുസുക്കിക്ക് ഈ ശ്രേണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയും എന്നാണ് കമ്പനി കരുതുന്നത്. 

അതേസമയം ശേഷിയേറിയതും ബിഎസ് 6 നിലവാരമുള്ളതുമായ ഡീസൽ എൻജിനോടു മാരുതി സുസുക്കിക്കു വിമുഖതയില്ലെന്നും ഡീസലിൽ ഓടുന്ന എസ്‌യുവികൾക്കും സെഡാനുകൾക്കും ആവശ്യക്കാരുണ്ടെന്നു കണ്ടാൽ ശേഷിയേറിയ ബിഎസ് 6 ഡീസൽ പിന്നീട് അവതരിപ്പിക്കാമെന്ന നിലപാടിലാണു കമ്പനി. 

എന്നാല്‍ ഇക്കാര്യത്തിൽ മാരുതി സുസുക്കി അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ശ്രീവാസ്തവ പറയുന്നു. കാറുകളുടെ പ്രവർത്തന ചെലവിനെക്കുറിച്ചു ശ്രദ്ധിക്കാത്ത ഉപയോക്താക്കൾ മാത്രമാണ് നിലവിൽ ഡീസൽ കാറുകൾ വാങ്ങുന്നതെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ വിപണി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഡീസൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നുമാണ് കമ്പനിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!