ആറ് എയർബാഗുകള്‍, കേന്ദ്ര തീരുമാനത്തിന് ഇപ്പോള്‍ കയ്യടിച്ച് മാരുതി; കാരണം ഇതാണ്!

By Web TeamFirst Published Sep 30, 2022, 11:28 AM IST
Highlights

ഇപ്പോഴിതാ അടുത്ത വർഷം വരെ നീട്ടിവയ്ക്കാനുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്‍തിരിക്കുകയാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയർബാഗുകള്‍ നിര്‍ബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നിയമം നടപ്പാക്കുന്നത് അടുത്ത വർഷം വരെ നീട്ടിവയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇപ്പോഴിതാ അടുത്ത വർഷം വരെ നീട്ടിവയ്ക്കാനുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്‍തിരിക്കുകയാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്ത വർഷം ഒക്ടോബർ മുതൽ ഇന്ത്യയിലെ കാറുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി വ്യാഴാഴ്ച അറിയിച്ചത്. അടുത്ത മാസം മുതൽ ഈ നിയമം നടപ്പാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ കാറുകൾക്കായി ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അതിനെ സ്വാഗതം ചെയ്‍തു.  നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായികൾ നേരത്തെ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം അംഗീകരിച്ചതായി മാരുതി പറഞ്ഞു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ഈ വർഷം ഒക്ടോബർ മുതൽ നിർബന്ധിതമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറ് എയർബാഗ് നിയമം വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാറ്റിവച്ചത്. 

'ആരാധകരെ ശാന്തരാകുവിന്‍'; ഇതാ കാത്തിരുന്ന പ്രഖ്യാപനം; സസ്പെന്‍സ് പൊളിച്ച് മാരുതി, സ്വപ്ന എസ്‍യുവിയുടെ വില

അടുത്ത മാസത്തിനുള്ളിൽ നിയമം നടപ്പാക്കുന്നത് കാർ നിർമാതാക്കൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. തങ്ങളുടെ ആശങ്ക സർക്കാർ തിരിച്ചറിഞ്ഞെന്നും വ്യവസായത്തെ കേന്ദ്രം വളരെയധികം പിന്തുണച്ചുവെന്നും ഭാർഗവ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാനദണ്ഡം നിർബന്ധമാക്കുന്നതിനുള്ള തീയതി മാറ്റിവയ്ക്കുന്നതിലൂടെ, അടുത്ത വർഷം ഒക്ടോബർ 1-നകം വാഹന വ്യവസായത്തിന് അവരുടെ ഉൽപ്പന്നങ്ങളിൽ ഭേദഗതി വരുത്താൻ മതിയായ സമയം നൽകുമെന്നും ഭാർഗവ വ്യക്തമാക്കി. എയർബാഗുകൾ ഉൾക്കൊള്ളാൻ ബോഡിയിൽ മാറ്റങ്ങൾ ആവശ്യമായ കാറുകൾക്ക് കൂടുതൽ സമയമെടുക്കും എന്നും ഭാർഗവ കൂട്ടിച്ചേർത്തു.

മാരുതി സുസുക്കി ബ്രെസ ആറ് എയർബാഗുകളുമായാണ് വരുന്നത്. എന്നാല്‍ കമ്പനിയുടെ മിക്ക ചെറിയ കാറുകളിലും രണ്ടിൽ കൂടുതൽ എയർബാഗുകൾ ഇല്ല.  സ്ഥലപരിമിതിയും ചെലവ് വർദ്ധനയും കാരണം ചെറിയ കാറുകളിൽ നാലോ അതിലധികമോ എയർബാഗുകളുടെ പ്രവർത്തനക്ഷമതയെ മാരുതി നേരത്തെ ചോദ്യം ചെയ്‍തിരുന്നു.

വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മറ്റും കണക്കിലെടുത്ത്, കുറഞ്ഞത് ആറ് നിർബന്ധിത നിർദ്ദേശം നടപ്പിലാക്കാനഉള്ള തീരുമാനം 2023 ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. പാസഞ്ചര്‍ കാറുകളുടെ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിനായി ആറ് എയർബാഗ് നിയമം നടപ്പിലാക്കുമെന്ന് ഈ വർഷം ആദ്യം അദ്ദേഹത്തിന്റെ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി ഈ മാസം ആദ്യം വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് റോഡ് സുരക്ഷയും സീറ്റ് ബെൽറ്റ് നിയമങ്ങൾ നടപ്പാക്കാത്തതും സംബന്ധിച്ച ആശങ്കകൾ രാജ്യത്ത് വർധിച്ച സാഹചര്യത്തിലാണ് തീരുമാനം . മിസ്ത്രിയുടെ മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അപകടസമയത്ത് അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതാണ്. 

"എന്നുവരും നീ..?!" ഈ വണ്ടികള്‍ വീട്ടില്‍ എത്തണമെങ്കില്‍ ക്ഷമ വേണം, സമയം എടുക്കും..!

ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 1.55 ലക്ഷം പേർക്ക് ജീവൻ നഷ്‍ടപ്പെട്ടു എന്നാണ് കണക്കുകള്‍. 2021-ൽ ഇന്ത്യൻ റോഡുകളിൽ ഓരോ മണിക്കൂറിലും 18 പേർ മരിക്കുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‍സ് ബ്യൂറോയുടെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരുവര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

click me!