മാരുതിയുടെ കൂട് വിട്ട് ടൊയോട്ട തറവാട്ടിലേക്ക് വാഗണ്‍ ആറും!

By Web TeamFirst Published Jun 3, 2021, 11:24 AM IST
Highlights

ഇപ്പോഴിതാ മാരുതിയുടെ ജനപ്രിയ മോഡല്‍ വാഗൺ ആറിനെയും റീബാഡ്‍ജ് ചെയ്‍ത് വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട 

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സംയുക്ത സംരംഭം വിജയത്തിന്‍റെ പാതയിലാണ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിങ്ങനെ ടൊയോട്ടയുടെ പേരിലെത്തിയ മാരുതി മോഡലുകളായ ബലേനോയും ബ്രസയും ജനപ്രിയങ്ങളായതിനു പിന്നാലെ മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന്‍ മോഡലായ സിയാസും ടൊയോട്ട വഴി വിതരണത്തിന് എത്താന്‍ ഒരുങ്ങുകയാണ്.  

ഇപ്പോഴിതാ മാരുതിയുടെ ജനപ്രിയ മോഡല്‍ വാഗൺ ആറിനെയും റീബാഡ്‍ജ് ചെയ്‍ത് വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഗൺആറിന്റെ ടൊയോട്ട പതിപ്പിന്റെ ടെസ്റ്റിംഗ് വീഡിയോ എംആർഡി കാർസ് എന്ന യൂട്യൂബ് ചാനലും പുറത്തുവിട്ടിരുന്നു. 

ഹൈറെയ്‍ഡർ (Hyryder) എന്ന പേരായിരിക്കും ടൊയോട്ടയുടെ വാഗണ്‍ ആറിന് നൽകിയേക്കുക എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് വാഹനത്തിന്‍റെ പിൻ കാഴ്ച്ചയിലെ പ്രധാന ആകർഷണം കൂടുതൽ സ്പോർട്ടിയായ കറുപ്പ് ഭാഗങ്ങളുള്ള ബമ്പർ ആണ്. ബമ്പറിൽ കുത്തനെ സ്ഥാപിച്ചിരിക്കുന്ന റിഫ്ലക്ടറുകളും പുതിയ മാറ്റമാണ്. ഏറെക്കുറെ ഇപ്പോൾ വിപണിയിലുള്ള വാഗൺആറിന് സമാനമാണ് ഇതിന്റെ വശങ്ങൾ. ടൊയോട്ടയുടെ ബാഡ്‍ജിംഗുള്ള അലോയ് വീൽ ശ്രദ്ധയിൽ പെടും. ഈ അലോയ് വീലുകൾ യഥാർത്ഥത്തിൽ മാരുതിയുടെ ഇഗ്നിസ് ഹാച്ച്‍ബാക്കിൽ നിന്നും കടമെടുത്തതാണ്.

രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ ലഭിക്കുന്നു. മുകളിലായി ഇന്റികേറ്ററും റണ്ണിങ്ങ് ലാമ്പും ചേർന്ന ഭാഗം. റിപ്പോർട്ട് പ്രകാരം അമേരിക്കൻ ഇലക്ട്രിക്ക് വാഹനബ്രാൻഡായ ടെസ്‌ലയുടെ കാറുകൾക്ക് സമാനമായാണ് ഗ്രിൽ ഒരുങ്ങുന്നത്. ഫോഗ് ലാമ്പുകൾ ചേർന്ന ബമ്പറിന് റീഡിസൈൻ ചെയ്തത് സ്‌പോർട്ടി ലുക്ക് നൽകി. വാഗൺആറിന് സമാനമായ ഇന്റീരിയർ ലഭിച്ചേക്കും. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എൻജിൻ 67 ബിഎച്ച്പി പവറും 90 എൻഎം ടോർക്കും നിർമിക്കുന്നു. 82 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും നിർമിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും മാരുതി സുസുക്കി വാഗൺആർ ലഭ്യമാണ്. ഇതിൽ ഏത് എൻജിനാണ് ടൊയോട്ടയുടെ ഹാച്ച്ബാക്കിൽ നൽകുക എന്ന് വ്യക്തമല്ല. അതേസമയം ഇലക്ട്രിക്ക് പതിപ്പായിരിക്കും ടൊയോട്ട ഹൈറൈഡറെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള കരാര്‍ അനുസരിച്ചാണ് ഇരു ജാപ്പനീസ് കമ്പനികളും ആഗോളതലത്തില്‍ ചില ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പങ്കുവെയ്ക്കുന്നത്. മാരുതി സുസുകി ബലേനോ, വിറ്റാര ബ്രെസ കാറുകളുടെ ടൊയോട്ട പതിപ്പുകളായി ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ പങ്കാളിത്തം അനുസരിച്ചുള്ള മൂന്നാമത്തെ ഉല്‍പ്പന്നമായ സിയാസ് റീബാഡ്‍ജ് ചെയ്‍ത് നിര്‍മിക്കുന്ന ബെല്‍റ്റ ഉടന്‍ വിപണിയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!