
മൈക്കല്‍ ജാക്സന്‍റെ വിഖ്യാതമായ മൂണ്‍ വോക്കിംഗിനെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ നൃത്തച്ചുവടുകളിലൂടെ സിഗ്നലുകള്‍ നൽകിയ രഞ്ജിത്ത് സിംഗ് എന്ന ട്രാഫിക് പൊലീസുകാരനെ ഓർമ്മയില്ലേ. ദേശീയമാധ്യമങ്ങളില്‍ രഞ്ജിത്തിനെപ്പറ്റി വാര്‍ത്തകള്‍ വന്നതോടെ രാജ്യത്തിന്‍റെ പൊതു ശ്രദ്ധയിലേക്കും അദ്ദേഹത്തിന്‍റെ ട്രാഫിക്ക് നൃത്തം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ രഞ്ജിത്ത് സിംഗിന്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഷുഭി ജെയിൻ എന്ന എംബിഎ വിദ്യാർത്ഥിനി.
രഞ്ജിത്ത് സിംഗ് തന്റെ നൃത്തചുവടുകളിലൂടെ സിഗ്നലുകളാണ് നൽകിയിരുന്നതെങ്കിൽ ഷുഭി ജെയിൻ ബോധവത്ക്കരണമാണ് നടത്തുന്നത്. മാധ്യപ്രദേശിലെ ഇഡോറിലാണ് സംഭവം. സിഗ്നൽ വരുമ്പോൾ തൊഴു കയ്യോടെ മുന്നറിയിപ്പുകളുമായി യാത്രക്കാരുടെ മുമ്പിൽ എത്തുന്ന ഷുഭിയെ വീഡിയോയിൽ കാണാം. ചില രസകരമായ നൃത്ത ചുവടുകളോടെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാൻ യാത്രക്കാരോട് ഷുഭി ആവശ്യപ്പെടുന്നു.
Read More: ഡാന്‍സ് കളിച്ച് സിഗ്നല്‍ നല്‍കുന്ന ട്രാഫിക് പൊലീസുകാരന്‍;വീഡിയോ
പതിനഞ്ച് ദിവസത്തെ ഇന്റേൺഷിപ്പിനായി ഇൻഡോറിലെത്തിയ എംബിഎ വിദ്യാർത്ഥിനിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഷുഭിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് എനിക്ക് മുൻ പരിചയമൊന്നുമില്ല. ഇൻഡോറിലെത്തിയപ്പോൾ, ഒരു ട്രാഫിക് പൊലീസുകാരൻ തന്റെ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥത എന്നെ വല്ലാതെ ആകർഷിച്ചുവെന്നും ഷുഭി ജെയിൻ പറയുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഷുഭി ജെയിനിനെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.