പഞ്ചറൊട്ടിച്ചു നടന്നിരുന്ന രാഹുൽ 1.5 കോടിയുടെ ജാഗ്വാർ വാങ്ങി 16 ലക്ഷത്തിന്റെ നമ്പർപ്ലേറ്റ് വെച്ചതിങ്ങനെ

By Web TeamFirst Published Mar 30, 2020, 7:47 AM IST
Highlights

കീശ നിറയെ കാശുള്ളോന് എന്താണ് ആയിക്കൂടാത്തത്? അപ്പനപ്പൂപ്പന്മാര് എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ സമ്പത്ത് ഇങ്ങനെ ധൂർത്തടിച്ചു കളയുന്ന ചില പുതുതലമുറക്കാര് എല്ലാ കുടുംബത്തും കാണും. 

RJ-45-CG-1 :  ഇത് രാജസ്ഥാനിൽ ഇന്നോളമൊരാൾ വാങ്ങിയിട്ടുള്ളതിൽ വെച്ച്  ഏറ്റവും വിലയേറിയ ലക്ഷ്വറി വിഐപി ഫാൻസി രജിസ്‌ട്രേഷൻ നമ്പരാണ്. ഈ നമ്പറിന് അതിന്റെ ഉടമ ചെലവിട്ട തുകയ്ക്ക് നല്ലൊരു ഹോണ്ട സിറ്റി തന്നെ വേണമെങ്കിൽ വാങ്ങാവുന്നതാണ്. പതിനാറുലക്ഷമാണ് രാഹുൽ തനേജ എന്ന ജാഗ്വാർ കാറുടമ തന്റെ ലക്ഷ്വറി കാറിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ ലേലത്തിന് പൊട്ടിച്ചത്. അല്ല, കാറിന്റെ വില ഒന്നരക്കോടി ആകുമ്പോൾ അതിന് പതിനാറുലക്ഷത്തിന്റെ നമ്പർ അത്രക്ക് ഓവറല്ല അല്ലേ..?

ഇതൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മുടെയൊക്കെ മനസ്സിലേക്ക് വരുന്ന ചില ചിന്തകളുണ്ട്," കീശ നിറയെ കാശുള്ളോന് എന്താണ് ആയിക്കൂടാത്തത്? അപ്പനപ്പൂപ്പന്മാര് എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ സമ്പത്ത് ഇങ്ങനെ ധൂർത്തടിച്ചു കളയുന്ന ചില പുതുതലമുറക്കാര് എല്ലാ കുടുംബത്തും കാണും. പരമ്പരാഗതമായി അക്കൗണ്ടിൽ വന്നുകേറിയ പണം ചെലവഴിക്കലാണ് അവരുടെ ഫുൾ ടൈം ജോബ്. രണ്ടു കൈകൊണ്ടും ദീവാളികളിച്ചു കളഞ്ഞാലും തീരാത്ത സ്വത്ത് അവന്റെ അച്ഛനമ്മമാർ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അപ്പോൾ പിന്നെ ഒന്നരക്കോടിക്ക് ജാഗ്വാറും വാങ്ങാം പതിനാറു ലക്ഷം ചെലവിട്ട് അതിന് ഒന്നാം നമ്പർ പ്ളേറ്റും സംഘടിപ്പിക്കാം."

ഒരു മിനിറ്റ്. രാഹുൽ തനേജയെപ്പറ്റി അങ്ങനെയൊക്കെ പറയാൻ വരട്ടെ. ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു? മേലേപ്പറഞ്ഞതിൽ ഒരു വരിപോലും നിങ്ങൾക്ക് അയാളെപ്പറ്റി പറയാൻ പറ്റില്ല. പറഞ്ഞാൽ അത് അസത്യമാണ് എന്നുവരും. രാഹുൽ തനേജ പേര് കേട്ടാൽ തന്നെ ഒരു ആഢ്യത്വമൊക്കെയുണ്ട് അല്ലേ? വല്ല തനേജാ കുടുംബത്തിലെയും ഇളമുറക്കാരൻ എന്നൊക്കെ സങ്കൽപ്പിക്കാൻ എളുപ്പമുണ്ട്. ആ പേരിൽ ദാരിദ്ര്യത്തിൽ മുങ്ങി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ആലോചിക്കുക പ്രയാസമാകും. എന്നാൽ അങ്ങനെ തന്നെയാണ് കാര്യങ്ങൾ. മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ഒരു ടയർ പഞ്ചർ മെക്കാനിക്കിന്റെ നാലുമക്കളിൽ ഒരാളായിരുന്നു രാഹുൽ. നന്നേ ചെറുപ്പം മുതൽക്ക് രാഹുലിനെ അച്ഛൻ തന്റെ ടയർ ഷോപ്പിലേക്ക് കൈസഹായത്തിന് കൂടുമായിരുന്നു. പഠിപ്പിൽ അത്രയ്ക്കങ്ങോട്ട് മൂന്നിലൊന്നും അല്ലാതിരുന്ന രാഹുൽ തന്റെ കാലശേഷം ഷോപ്പ് നടത്തിക്കൊള്ളും എന്ന പ്രതീക്ഷയിലായിരുന്നു അത്. 

എന്നാൽ, അച്ഛൻ മുന്നോട്ടു വെച്ച ഓഫർ സ്വീകരിക്കാൻ രാഹുൽ തയ്യാറായിരുന്നില്ല. പ്രായപൂർത്തിയാകും വരെയൊക്കെ അവൻ അച്ഛനെ ആശ്രയിച്ചു ജീവിച്ചു, കടയിൽ പഞ്ചറൊട്ടിച്ചു എങ്കിലും സ്വന്തം കാലിൽ നില്ക്കാൻ സാധിക്കും എന്ന തോന്നലുണ്ടായ നിമിഷം രാഹുൽ സീഹോർ വിട്ട്, രാജസ്ഥാനിലെ വലിയ നഗരമായ പിങ്ക് സിറ്റി, ജയ്പൂരിലെത്തി. എങ്ങനെയും നല്ല വല്ല ജോലിയും കണ്ടെത്തണം. സ്വന്തം കുടുംബത്തെ നിത്യ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റണം. അതായിരുന്നു രാഹുലിന്റെ മനസ്സിലുണ്ടായിരുന്ന സ്വപ്നം. അവിടെ ചെന്നും പഠിത്തം തുടർന്നു. പഠിപ്പിനിടെ സാധ്യമായ ജോലികളൊക്കെ ചെയ്തു.  

അവൻ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ചെയ്യാത്ത പണികളില്ല. പട്ടം വിൽക്കുക, ധാബയിൽ വെയ്റ്ററായി പണിയെടുക്കുക, പത്രം വിതരണം ചെയുക, ഹോളി കാലത്ത് നിറങ്ങളുടെ, ദിവാലി കാലത്ത് പടക്കങ്ങളുടെ ഒക്കെ സ്റ്റാൾ ഇടുക തുടങ്ങി പലതും അവൻ ചെയ്തു. ജോലികൾക്കിടെയും പഠിത്തം നിർത്താതിരുന്നു എന്നതാണ് രാഹുൽ ചെയ്ത ഏറ്റവും ബുദ്ധിപൂർവമായ കാര്യങ്ങളിൽ ഒന്ന്. പഠിപ്പ് അവന് തന്റെ മുകളിലേക്കുള്ള പ്രയാണത്തിന് ഏറെ ഗുണം ചെയ്തു. അവൻ പഠിച്ചു. പഠിച്ചു എന്ന് വെറുതെ പറഞ്ഞാൽ പോരാ ഒന്നാമനായിത്തന്നെ കോഴ്സ് പൂർത്തിയാക്കി. പഠിപ്പ് അവനു സ്മാർട്ട്നെസ്സും, ഒപ്പം നല്ലൊരു ആറ്റിട്യൂഡും നൽകി. അതിനിടെയാണ് ആരോ അവനോട് പറഞ്ഞത്, " നിന്റെ ബോഡി കൊള്ളാം. മോഡലിങ്ങിൽ ഒരു കൈ നോക്കരുതോ?" ആ ചോദ്യമാണ് രാഹുൽ തനേജയുടെ ജീവിതം മാറ്റിമറിച്ചത്.

അവൻ മോഡലിങ്ങിൽ അവസരങ്ങൾക്കുവേണ്ടി ശ്രമിച്ചു. അവന് അവസരങ്ങൾ കിട്ടി. കിട്ടിയ അവസരങ്ങളിൽ നിന്ന് അവൻ മോഡലിംഗിനൊപ്പം ഇവന്റ് മാനേജ്‌മെന്റിന്റെ രഹസ്യങ്ങളും പഠിച്ചെടുത്തു. ആ പാഠങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ രാഹുൽ തനേജ തന്റെ ആദ്യത്തെ സ്റ്റാർട്ട് അപ്പ് തുടങ്ങി. 'ലൈവ് ക്രിയേഷൻസ്'. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി. മോഡലിംഗ്, ഇവന്റ് മാനേജ്‌മെന്റ് രണ്ടിലും രാഹുൽ തനേജ വിജയിച്ചു. പണം ധാരാളം സമ്പാദിച്ചു. എല്ലാം നേരായ മാർഗത്തിൽ,  ഒരാളുടെയും ഒത്താശകൂടാതെ സ്വന്തം അധ്വാനിച്ചുമാത്രമുണ്ടാക്കിയ മുതലാണ്. 

ഈ ജാഗ്വാറിന് പുറമേ രാഹുലിന്റെ കയ്യിൽ മൂന്നു കാറുകൾ കൂടിയുണ്ട്. മൂന്നും മൂന്നു ലക്ഷ്വറി ബ്രാൻഡുകൾ. എന്നാൽ, മൂന്നിന്റേയും നമ്പറുകൾ 001 തന്നെ. ഒന്നാം സ്ഥാനത്തിൽ കുറഞ്ഞൊന്നും കൊണ്ട് രാഹുൽ തനേജ തൃപ്തനല്ല എന്ന് സാരം. എന്നാൽ, ഇങ്ങനെ ലക്ഷ്വറി നമ്പർ പ്ലേറ്റിനും വേണ്ടി പണം കളയുന്ന ആളാണ് രാഹുൽ എന്നുകരുതി ധൂർത്തനാണ് ആളെന്ന് ധരിച്ചേക്കരുത്. പണത്തിന്റെ വില അയാൾക്ക് നന്നായറിയാം. ദാരിദ്ര്യമെന്തെന്നും. കാരണം അയാൾ തന്റെ ജീവിതനാടകത്തിൽ ഒരു ദരിദ്രന്റെ വേഷം അടിത്തകർത്തിട്ടാണ്, സമ്പന്നതയുടെ വെള്ളിത്തിരയിലേക്ക് കളം മാറ്റിചവിട്ടിയത്. ജീവിതത്തിലും നമ്പർ പ്ലേറ്റിലും ഇന്നയാൾക്കുള്ള ഒന്നാം നമ്പർ അയാൾ കഷ്ടപ്പെട്ടുതന്നെ നേടിയതാണ്. ആ അധ്വാനം മറ്റുള്ളവർക്കും ഒരു പ്രേരണയാകട്ടെ. 
 

click me!