ആഡംബര വണ്ടിയുടെ ആദ്യ ബാച്ച് വിറ്റത് ചൂടപ്പം പോലെ, രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്

By Web TeamFirst Published Sep 11, 2021, 11:46 AM IST
Highlights

ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. ഇപ്പോഴിതാ വാഹനത്തിന്‍റെ രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബെന്‍സ്

2020 ഒക്ടോബറിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിർമ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക്ക് എയ്‌യുവിയായ EQCയെ വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. ഇപ്പോഴിതാ വാഹനത്തിന്‍റെ രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബെന്‍സ് എന്നാണ് പുതിയ വാര്‍ത്തകള്‍. 

ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് തുടങ്ങിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഒക്ടോബറിലാണ് ആദ്യ ബാച്ച് എത്തിയത്. ആദ്യമെത്തിയ 50 യൂണിറ്റ് വെറും മൂന്ന് മാസത്തിനുള്ളിലാണ് വിറ്റു തീര്‍ന്നത്. ആദ്യ വരവില്‍ ആറ് നഗരങ്ങളിലായിരുന്നു വില്‍പ്പന എങ്കിലും രണ്ടാം തവണ ഇത് 50 നഗരങ്ങളില്‍ വ്യാപിപ്പിക്കും.

ഒരു വേരിയന്റില്‍ മാത്രമാണ് മെഴ്‌സിഡസ് EQC ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. EQC 4മാറ്റിക്ക് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന് 1.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മെഴ്സിഡസിന്റെ മിഡ്-സൈസ് എസ്.യു.വിയായ ജി.എല്‍.സിയുടെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തുന്നത്. അതേസമയം, മെഴ്‌സിഡസ് റെഗുലര്‍ വാഹനങ്ങളുമായി യാതൊരു സാമ്യവും അവകാശപ്പെടാനില്ലാതെയാണ് ഇലക്ട്രിക് വാഹനത്തിന്‍റെ ഡിസൈന്‍. 

408 bhp കരുത്തും 760 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ വാഹനത്തിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.1 സെക്കന്‍ഡ് മാത്രം മതി. 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതകളുള്ള രണ്ട് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ EQC-ക്ക് ലഭിക്കും. ഇരുവശത്തും എല്‍ഇഡി ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പും ഗ്രില്ലില്‍ പ്രകാശിതമായ മെര്‍സിഡീസ് ബെന്‍സ് ബാഡ്‍ജിംഗും വാഹനത്തിന് ലഭിക്കുന്നു. ഇലക്ട്രിക് എസ് യുവിക്ക് സവിശേഷമായ ഡ്യുവല്‍-ടോണ്‍ ആറ് സ്പോക്ക് അലോയ് വീല്‍, റൂഫ് സ്പോയിലര്‍, ക്രോം ഫിനിഷുള്ള വിന്‍ഡോ-ലൈന്‍ എന്നിവയും വാഹനത്തിലുണ്ട്. പിന്‍ഭാഗത്ത്, ബൂട്ട് ലിഡിന് കുറുകെ നേര്‍ത്ത ലൈറ്റ് ബാര്‍ ഉപയോഗിച്ച് ടെയില്‍ ലാമ്പുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു.

മസ്സാജ് പ്രവർത്തനം വാഗ്ദാനം ചെയ്യുന്നവയാണ് മുൻ സീറ്റുകൾ. ഏറ്റവും പുതിയ തലമുറ MBUX സംവിധാനവും വാഹനത്തില്‍ ഇടംപിടിക്കും. 10.3 ഇഞ്ച് വലിയ ഡ്യുവല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എനെര്‍ജൈസിംഗ് കംഫര്‍ട്ട് കണ്‍ട്രോള്‍ പോലുള്ള സുഖസൗകര്യങ്ങളും മെര്‍സിഡീസ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് EQC മത്സരിക്കുന്നത്. CBU റൂട്ട് വഴി EQC ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും.

കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു 2020 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളായി മെഴ്‌സിഡസ് ബെന്‍സ്  മാറിയിരുന്നു. 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് ഇക്യു ബ്രാന്‍ഡ് ആഗോളതലത്തില്‍ അരങ്ങേറിയത്. പാരിസില്‍ ജനറേഷന്‍ ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!