ബെന്‍സിന്‍റെ ഇലക്ട്രിക്ക് എസ്‍യുവി ഉടന്‍ ഇന്ത്യ തൊടും

By Web TeamFirst Published Jun 20, 2020, 4:25 PM IST
Highlights

ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക്ക് എയ്‌യുവിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ്

ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക്ക് എയ്‌യുവിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വാഹനത്തെ നേരത്തെ അവതരിപ്പിക്കാനിരുന്നതായിരുന്നെങ്കിലും കൊവിഡ്-19 മൂലം മാറ്റിവെച്ചതായിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി കമ്പനി അടുത്തിടെ അവതരിപ്പിച്ച EQ എന്ന ബ്രാന്‍ഡിലാണ് വാഹനം വിപണിയിലെത്തുക.

408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കുന്ന 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ വാഹനത്തിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.1 സെക്കന്‍ഡ് മാത്രം മതി. 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 

പൂർണ ചാർജിൽ 445-471 കിലോമീറ്റര്‍ മൈലേജ് വാഹനം നൽകും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ടും DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെയും വാഹനം ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്ന് മെര്‍സിഡീസ് ബെന്‍സ് അറിയിച്ചു.

കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു 2020 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളായി മെഴ്‌സിഡസ് ബെന്‍സ്  മാറിയിരുന്നു. 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് ഇക്യു ബ്രാന്‍ഡ് ആഗോളതലത്തില്‍ അരങ്ങേറിയത്. പാരിസില്‍ ജനറേഷന്‍ ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 

ഇന്ത്യയില്‍ ഇക്യുസി എസ്‌യുവിയുടെ 400 4മാറ്റിക് വേരിയന്റ് അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഇക്യു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് ഇക്യുസി എന്ന എസ്‌യുവി. ഇക്യുവി, ഇക്യുഎ, ഇക്യുബി, ഇക്യുഎസ്, ഇക്യുഇ എന്നിവയെല്ലാം ഭാവിയില്‍ ഇക്യു ബ്രാന്‍ഡില്‍ ആഗോള വിപണികളിലെത്തും.

പൂര്‍ണമായി നിര്‍മിച്ചശേഷം ഇക്യുസി എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ നീക്കം. അതുകൊണ്ടുതന്നെ ആഗോള മോഡലുമായി മെക്കാനിക്കല്‍ സാദൃശ്യങ്ങള്‍ ഉണ്ടായിരിക്കും. മെഴ്‌സിഡസ് ബെന്‍സ് ഇക്യുസി എസ്‌യുവിക്ക് കരുത്തേകുന്നത് ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ്. മുന്‍, പിന്‍ ആക്‌സിലുകളില്‍ ഓരോന്നുവീതം. അതുകൊണ്ടുതന്നെ, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എസ്‌യുവിയാണ് ഇക്യുസി.  

80 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. രണ്ട് മോട്ടോറുകളും ചേര്‍ന്ന് ആകെ 300 കിലോവാട്ട് (402 ബിഎച്ച്പി) പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 765 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. കാബിനില്‍ പുതിയ രൂപകല്‍പ്പനയോടെ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് പാനല്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ലഭിക്കും.പ്രത്യേക അലോയ് വീലുകള്‍, ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലൈറ്റുകള്‍, ബോണറ്റിന് കുറുകെ ലൈറ്റ് സ്ട്രിപ്പ് എന്നിവ പ്രത്യേകതകളാണ്. 

ഇന്ത്യയില്‍ ഏകദേശം 1.5 കോടി രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ-പേസ്, ഹ്യുണ്ടായ് കോന ഇവി, എംജി ഇസഡ്എസ് ഇവി, ടാറ്റ നെക്‌സോണ്‍ ഇവി തുടങ്ങിയവയായിരിക്കും ഇക്യുസിയുടെ ഇന്ത്യന്‍ നിരത്തിലെ മുഖ്യ എതിരാളികള്‍. 

click me!