ഇക്യുഎസ് ഇലക്ട്രിക് സെഡാന്റെ എഎംജിയുമായി ബെന്‍സ്

By Web TeamFirst Published Apr 18, 2020, 2:50 PM IST
Highlights

ഇക്യുഎസ് ഇലക്ട്രിക് സെഡാന്റെ എഎംജി വകഭേദം നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്‍റെ  ഇലക്ട്രിക് വാഹന ബ്രാന്‍ഡാണ് ഇക്യു. കമ്പനിയുടെ ഈ ഉപ ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിച്ചുവരികയാണ് കമ്പനി. ജിഎല്‍സിയുടെ ഇലക്ട്രിക് വേര്‍ഷനായ ഇക്യുസി ഇതിനകം ലഭ്യമാണ്. ഇതേതുടര്‍ന്ന് ഇക്യുഎ, ഇക്യുബി, ഇക്യുഇ, ഫ്‌ളാഗ്ഷിപ്പ് ഇക്യുഎസ് എന്നീ ഇലക്ട്രിക് വകഭേദങ്ങളാണ് വിപണിയിലെത്തുന്നത്. മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസിന്റെ ഇവി പതിപ്പായിരിക്കും ഇക്യുഎസ്. ഇക്യുഎസ് ഇലക്ട്രിക് സെഡാന്റെ എഎംജി വകഭേദം നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്യുഎസ് എഎംജി വേര്‍ഷന്‍ 600 ബിഎച്ച്പിയില്‍ കൂടുതല്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കും.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച വിഷന്‍ ഇക്യുഎസ് കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഇക്യുഎസ്. പുതിയ ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ച്ചറിലാണ് (ഇവിഎ) ഇക്യുഎസ് നിര്‍മിക്കുന്നത്. പരിമിത എണ്ണം ഡ്രൈവ്‌ട്രെയ്‌നുകളായിരിക്കും സ്റ്റാന്‍ഡേഡ് ഇക്യുഎസ് ഉപയോഗിക്കുന്നത്. ഇവയില്‍ ഏറ്റവും കരുത്തുറ്റത് 470 ബിഎച്ച്പി, 760 എന്‍എം ഉല്‍പ്പാദിപ്പിക്കും. എഎംജി പെര്‍ഫോമന്‍സ് വിഭാഗത്തിന്റെ കൈകളില്‍ ഇക്യുഎസ് എത്തുമ്പോള്‍, ഇക്യുഎസ് എഎംജിയുടെ ടോപ് വേരിയന്റ് 600 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരട്ട മോട്ടോര്‍ സംവിധാനമായിരിക്കും നല്‍കുന്നത്. താരതമ്യം ചെയ്യുകയാണെങ്കില്‍, ടെസ്ല മോഡല്‍ എസ് സെഡാന്റെ പി100ഡി വേരിയന്റ് ഉല്‍പ്പാദിപ്പിക്കുന്നത് 784 ബിഎച്ച്പി കരുത്തും 1140 എന്‍എം ടോര്‍ക്കുമാണ്. ഇക്യുഎസ് എഎംജിയുടെ എതിരാളിയായി ടെസ്ലയുടെ പ്ലെയ്ഡ് വേര്‍ഷനെയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ മനസ്സില്‍ക്കാണുന്നത്.

കൂടാതെ, ഇക്യുഇ, ഇക്യുജി മോഡലുകളുടെ പെര്‍ഫോമന്‍സ് വേര്‍ഷന്‍ ഇക്യുഎസ് എഎംജിയുടെ പവര്‍ട്രെയ്ന്‍ ഉപയോഗിക്കും. ഇരട്ട മോട്ടോര്‍ സംവിധാനമായതിനാല്‍ ഇക്യുഎസ് എഎംജി വേര്‍ഷനില്‍ 4 വീല്‍ ഡ്രൈവ് സിസ്റ്റം തീര്‍ച്ചയായും നല്‍കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ നാല് സെക്കന്‍ഡ് മതിയാകും. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തും. ഇക്യുഎസ് 100 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിംഗിള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 2022 ല്‍ വിപണിയിലെത്തുമ്പോള്‍ പുതു തലമുറ എസ് ക്ലാസിനൊപ്പം ഇക്യുഎസ് വില്‍ക്കും. ടെസ്ല മോഡല്‍ എസ്, ജാഗ്വാര്‍ എക്‌സ്‌ജെ ഇവി, പോര്‍ഷ ടൈകാന്‍, ലൂസിഡ് എയര്‍ എന്നിവയായിരിക്കും എതിരാളികള്‍.

അതേസമയം കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്.

2016 പാരിസ് മോട്ടോര്‍ ഷോയിലാണ് ഇക്യു ബ്രാന്‍ഡ് ആഗോളതലത്തില്‍ അരങ്ങേറിയത്. പാരിസില്‍ ജനറേഷന്‍ ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. കമ്പനിയുടെ ഈ ഉപബ്രാന്‍ഡില്‍നിന്നുള്ള ആദ്യ സീരീസ് പ്രൊഡക്ഷന്‍ വാഹനമായ ഇക്യുസി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇക്യുസി എഡിഷന്‍ 1886 പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഇക്യുസി എസ്‌യുവിയുടെ 400 4മാറ്റിക് വേരിയന്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെഴ്‌സിഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഇക്യു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് ഇക്യുസി എന്ന എസ്‌യുവി. ഇക്യുവി, ഇക്യുഎ, ഇക്യുബി, ഇക്യുഎസ്, ഇക്യുഇ എന്നിവയെല്ലാം ഭാവിയില്‍ ഇക്യു ബ്രാന്‍ഡില്‍ ആഗോള വിപണികളിലെത്തും.

click me!