ബുക്കിങ്ങ് അരലക്ഷം, റോഡില്‍ കാല്‍ ലക്ഷം; അമ്പരപ്പിച്ച് ചൈനീസ് വണ്ടിക്കമ്പനി!

By Web TeamFirst Published Feb 21, 2020, 3:00 PM IST
Highlights

ചുരുങ്ങിയ കാലത്തിനകം വാഹനത്തിന് 50,000 ബുക്കിങ്ങുകള്‍ ലഭിക്കുകയും 20,000 വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി 2019 ജൂണ്‍ 27നാണ് വിപണിയിലെത്തുന്നത്. അതായത് ഇന്ത്യന്‍ നിരത്തുകളില്‍ വെറും എട്ട് മാസത്തെ പഴക്കം മാത്രം. എന്നാല്‍ രാജ്യത്തെ നിരത്തുകളില്‍ വാഹനം ജൈത്രയാത്ര തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ ചുരുങ്ങിയ കാലത്തിനകം വാഹനത്തിന് 50,000 ബുക്കിങ്ങുകള്‍ ലഭിക്കുകയും 20,000 വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു. പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 12.73 ലക്ഷം മുതല്‍ 16.53 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 15.93 ലക്ഷം മുതല്‍ 17.43 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 13.48 ലക്ഷം മുതല്‍ 17.28 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

നിലവില്‍ അഞ്ച് സീറ്ററായ ഈ വാഹനത്തിന്‍റെ ഏഴ് സീറ്റര്‍ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വലുപ്പം കൂടിയ മോഡലായ ഹെക്ടർ പ്ലസ് ദില്ലി ഓട്ടോ എക്സ്പോ 2020 വേദിയിലാണ് അവതരിപ്പിച്ചത്. മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടറിൽ പരമാവധി 7 സീറ്റുകളാണുള്ളത്. ഇതോടെ ഹെക്ടർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ എത്ര സീറ്റുകളുള്ള മോഡൽ വേണമെന്ന് തീരുമാനിക്കാം.

click me!