Latest Videos

ഇന്ത്യന്‍ വാഹന ലോകത്ത് ചൈനയുടെ 'വനിതാ മതില്‍'!

By Web TeamFirst Published May 9, 2019, 4:26 PM IST
Highlights

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരില്‍ രാജ്യത്തെ തങ്ങളുടെ ആദ്യ വാഹനത്തെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന കമ്പനിക്ക് വേറിട്ട മറ്റൊരു കഥ കൂടി പറയാനുണ്ട്.  

ഐക്കണിക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്.  ഹെക്ടര്‍ എന്ന കിടിലന്‍ എസ്‍യുവിയുമായിട്ടാണ് ഇപ്പോള്‍ ചൈനീസ് വാഹന ഭീമന്മാരായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സിന്‍റെ ഉടമസ്ഥതയിലുള്ള എംജിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം.

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരില്‍ രാജ്യത്തെ തങ്ങളുടെ ആദ്യ വാഹനത്തെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന കമ്പനിക്ക് വേറിട്ട മറ്റൊരു കഥ കൂടി പറയാനുണ്ട്.  വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് എംജി മോട്ടർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതെന്നതാണ് വലിയ പ്രത്യേകത. കമ്പനിയുടെ ഗുജറാത്തിലെ ഹലോല്‍ നിര്‍മ്മാണ കേന്ദ്രത്തിലെ  നിലവിലെ ജീവനക്കാരിൽ 31 ശതമാനവും സ്ത്രീകളാണ്. വാഹന നിർമ്മാണത്തിലും മറ്റു ജോലികളിലും കൂടുതൽ സ്ത്രീകൾക്ക് പ്രധാന്യം നൽകുക എന്നത് എംജി മോട്ടർ ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും കമ്പനി വ്യക്തമാക്കുന്നു. വാഹനത്തിന്‍റെ നിര്‍മ്മാണത്തില്‍ തുടങ്ങി വില്‍പ്പനയും സര്‍വ്വീസും ഉള്‍പ്പെടെയുള്ള മുഴുവന്‍ മേഖലകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആദ്യ കമ്പനിയാകും ചൈനീസ് എംജി. 

രണ്ട് ഘട്ടമായി 3500 ഓളം ഡീലര്‍ ഷിപ്പ് ജീവനക്കാരെ കമ്പനി തെരെഞ്ഞെടുക്കുന്നുണ്ട്. ഇതിലും വനിതകള്‍ക്ക് മാത്രമാവും മുന്‍ഗണന. ആദ്യഘട്ടത്തില്‍ രാജ്യത്താകെയുള്ള 110 ഓളം ഡീലര്‍ഷിപ്പുകളിലായി 2000 ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. വനിതാ ജീവനക്കാരുടെ ഒപ്പമുള്ള  ആദ്യവാഹനം ഹെക്ടറിന്‍റെ ചിത്രവും കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍. 10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ഹെക്ടറിലുണ്ടാകും. 

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം.  ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

നിലവില്‍ പ്രതിവര്‍ഷം 80,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഹാലോല്‍ പ്ലാന്റ്. ആവശ്യമെങ്കില്‍, ഭാവിയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം യൂണിറ്റായി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാണ് തീരുമാനം. തുടക്കമെന്ന നിലയില്‍, രണ്ടായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആകെ മുതല്‍മുടക്ക് 5,000 കോടി രൂപയായി വര്‍ധിപ്പിച്ചേക്കും. 
75 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയാണ് ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ എസ്‌യുവിയുടെ വില പിടിച്ചുനിര്‍ത്താന്‍ എംജി മോട്ടോര്‍ ഇന്ത്യയ്ക്കു കഴിയുമെന്നാണ് കരുതുന്നത്.

click me!