വീണ്ടും സഹായം; കൊവിഡ് രോഗികള്‍ക്ക് കിടക്കകളുമായി ചൈനീസ് വണ്ടിക്കമ്പനി

By Web TeamFirst Published May 15, 2021, 8:37 AM IST
Highlights

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് വീണ്ടും സഹായവുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സ്

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സ്. ഏറ്റവും ഒടുവിലായി കൊവിഡ് രോഗികള്‍ക്ക് കിടക്കകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് കമ്പനി എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ ക്രെഡി ഹെല്‍ത്തുമായി ചേര്‍ന്ന് 200 കിടക്കകളാണ് എം ജി മോട്ടോഴ്‌സ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്യന്‍ പേപ്പര്‍ മില്‍സില്‍ നിന്നാണ് എം ജിമോട്ടോഴ്‌സ് ഈ കിടക്കകള്‍ വാങ്ങുന്നത്. കാര്‍ഡ്‌ബോര്‍ഡ് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കിടക്കയില്‍ പൂര്‍ണമായും വാട്ടര്‍പ്രൂഫ് സംവിധാനവുമുണ്ട്. ഇന്ത്യന്‍ ആര്‍മി, ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ നേവി തുടങ്ങിയവയ്ക്കും 2020 മുതല്‍ ആര്യന്‍ പേപ്പര്‍ മില്‍സാണ് കിടക്കകള്‍ നല്‍കുന്നത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ക്കായി ക്രെഡിഹെല്‍ത്തിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് ക്രെഡി ഹെല്‍ത്ത്. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്കായും എം.ജി. സേവനം ഉറപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എം.ജി.യുടെ വാഹനങ്ങളുടെ സര്‍വീസ്, വാറണ്ടി എന്നിവ നീട്ടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ സര്‍വീസും വാറണ്ടിയും അവസാനിച്ച വാഹനങ്ങള്‍ക്ക് ഇത് ജൂലൈ വരെ നീട്ടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജന്‍ ഉത്പാദനത്തിനും സന്നദ്ധത അറിയിച്ചിരുന്നു എം ജി മോട്ടോഴ്‌സ്. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചാണ് എം ജി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുത്. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചിരുന്നു. ഇരു കമ്പനികളുമായുള്ള സഹകരണത്തില്‍ 25 ശതമാനം അധികം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

2020ല്‍ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ മാക്‌സ് വെന്റിലേറ്റേഴ്‌സ് എന്ന കമ്പനിയുമായി സഹകരിച്ച് എം ജി മോട്ടോഴ്‌സ് വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരുന്നു വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായവും 2020ല്‍ എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി 100 ഹെക്ടര്‍ എസ്‌യുവികളും  ഇന്ധനവും ഡ്രൈവര്‍മാരേയും കമ്പനി വിട്ടുനല്‍കിയിരുന്നു.  ഒപ്പം ആംബുലൻസ് നിർമ്മിച്ച് വഡോദരയിലെ  ആരോഗ്യ അധികൃതർക്കും കഴിഞ്ഞ വര്‍ഷം എംജി നൽകിയിരുന്നു. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) 2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!