ചങ്കാണ് ചൈനീസ് കമ്പനിയെന്ന് ജനം, ചങ്കിടിച്ച് ഇന്ത്യന്‍ വാഹനലോകം!

By Web TeamFirst Published Dec 3, 2020, 9:21 AM IST
Highlights

ഇന്ത്യന്‍ വാഹനലോകത്ത് വമ്പന്‍ കുതിപ്പുമായി ചൈനീസ് വണ്ടിക്കമ്പനി

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി(മോറിസ് ഗാരേജസ്).  2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനി ഇന്ത്യയില്‍ എത്തുന്നത്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. 

ഇപ്പോഴിതാ രാജ്യത്തെ നിരത്തുകളിലെ കമ്പനിയുടെ ജൈത്രയാത്രയുടെ വേഗത കൂടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്കാലത്തെയും മികച്ച വില്‍പ്പനയാണ് എം.ജി മോട്ടോഴ്‌സിന് നവംബര്‍ മാസത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  എം.ജി ഇന്ത്യയില്‍  അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നവംബറില്‍ ഉണ്ടാക്കിയിട്ടുള്ളതെന്നാണ്  കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലെ വില്‍പ്പനയെ അപേക്ഷിച്ച് 28.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്കെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇലക്ട്രിക്, ഗ്ലോസ്റ്റര്‍ എന്നീ നാല് മോഡലുകളാണ് എംജി മോട്ടോഴ്‌സ് ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 2020 നവംബറില്‍ ആകെ 4163 വാഹനങ്ങളാണ് എംജിയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. ആദ്യ മോഡലായ ഹെക്ടറിന്റെ 3463 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ അടുത്തിടെ പ്രീമിയം എസ്.യു.വി ശ്രേണിയിലേക്ക് അവതരിപ്പിച്ച ഗ്ലോസ്റ്ററിന്റെ 627 യൂണിറ്റും വിറ്റു. അവതരിപ്പിച്ച് രണ്ട് മാസത്തിനകം ഗ്ലോസ്റ്ററിന് 2500 ബുക്കിംഗുകളും തേടിയെത്തി. കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയാണ് ZS EV. ഈ വാഹനത്തിന്‍റെ 110 യൂണിറ്റുകളും നവംബര്‍ മാസം ഇന്ത്യന്‍ നിരത്തുകളില്‍ എത്തി. 

2020 ഒക്ടോബറിനെ അപേക്ഷിച്ച് പ്രതിമാസം 11% വളർച്ചയും കമ്പനി രേഖപ്പെടുത്തി. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. 


 

click me!