വീണ്ടും ക്യാമറയില്‍‌ കുടുങ്ങി എംജി സെഡ്എസ് പെട്രോള്‍

By Web TeamFirst Published Dec 28, 2020, 6:10 PM IST
Highlights

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഇലക്ട്രിക് മോഡലിന് സമാനമായി രൂപകല്‍പ്പന തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ജനുവരിയിലാണ്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ വിപണിയില്‍  അവതരിപ്പിച്ചത്. ഈ മോഡലിന്‍റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പും വരികയാണ്. നിരവധി തവണ ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായി മോട്ടോര്‍ ഒക്ടേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഇലക്ട്രിക് മോഡലിന് സമാനമായി രൂപകല്‍പ്പന തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടിക്കെട്ടലുകള്‍ ഉണ്ടെങ്കിലും ഇതിന്റെ 10 സ്പോക്ക് അലോയ് വീലുകള്‍, സൈഡ് ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ചിത്രങ്ങളില്‍ കാണാം.

ഇലക്ട്രിക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വലിയ മാറ്റം വശത്തെ ഇന്ധന ഫില്ലറാണ്. പിന്നിലെ ബൂട്ടിലുള്ള എംജി ലോഗോ തിരിച്ചറിയാന്‍ കഴിയും, അതുപോലെ തന്നെ എല്‍ഇഡി ടെയില്‍ ലാമ്പും കാണാന്‍ കഴിയും, ഇത് ബൂട്ടിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തിരിച്ചിരിക്കുന്നു.

2021-ഓടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍, അതിന്റെ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും. കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ശ്രേണിയില്‍ തന്നെ നല്‍കിയിട്ടില്ലാത്ത ഫീച്ചറുകളും നല്‍കിയായിരിക്കും ഈ വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണികളില്‍ വില്‍ക്കുന്നതുപോലെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ടര്‍ബോ എന്‍ജിന്‍ 160 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 1.5 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളിലാണ് ആദ്യമെത്തുക. പിന്നീട് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി.

ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.

click me!