മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു, ആനവണ്ടി ഡ്രൈവര്‍ക്ക് യാത്രികന്‍ വക എട്ടിന്‍റെ പണി

By Web TeamFirst Published Nov 9, 2019, 5:59 PM IST
Highlights

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ യാത്രക്കാരന്‍ കുടുക്കി

തൃശ്ശൂര്‍: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ യാത്രക്കാരന്‍ കുടുക്കി.  ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്‍ഫോഴ്സമെന്റ് ആര്‍.ടി.ഒക്ക് വാട്‍സ് ആപ്പില്‍ അയച്ചുകൊടുത്താണ് യാത്രികന്‍ ഡ്രൈവര്‍ക്ക് പണി നല്‍കിയത്. 

ഇതോടെ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പ്പുറത്ത് കെ.ടി. ഷാനിലാണ് മൊബൈലില്‍ സംസാരിച്ച് ബസോടിച്ചത്. 

നോര്‍ത്ത് പറവൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.  നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ അയക്കാനുള്ള 9946100100 എന്ന വാട്സ് ആപ്പ് നമ്പറിലാണ് യാത്രികന്‍ വീഡിയോ അയച്ചത്.  പരാതി ലഭിച്ചയുടന്‍ തൃശൂര്‍ ആര്‍ടിഒ ഡ്രൈവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ആര്‍ടിഒ മുമ്പാകെ ഹാജാരായ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഒരുമാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിക്കുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയക്കുകയും ചെയ്‍തു. 

click me!