ഒരു സ്‍കൂട്ടറില്‍ അഞ്ചുപേര്‍, ആദ്യം പകച്ചു, പിന്നെ കൈ കൂപ്പി നമിച്ചു ഈ ഉദ്യോഗസ്ഥന്‍!

By Web TeamFirst Published May 28, 2019, 10:56 AM IST
Highlights

വാഹനപരിശോധനയ്ക്കിടെ അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് നില്‍ക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ചിത്രം വൈറലാകുന്നു

കൊച്ചി: വാഹനപരിശോധനയ്ക്കിടെ അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് നില്‍ക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ചിത്രം വൈറലാകുന്നു. കഴിഞ്ഞ ദിവസം ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. നാല് കുട്ടികളുമായി ഹെല്‍മറ്റ് വെക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്നു മധ്യവയസ്‌കനെ കണ്ടാണ് എംവിഐ എന്‍ വിനോദ് കുമാര്‍ തൊഴുതു നിന്നത്. 

ഒപ്പമുണ്ടായിരുന്നവരാണ് എം.വി.ഐയുടെ കൈകൂപ്പല്‍ ക്യാമറയില്‍ പകര്‍ത്തിയത്. സ്‍കൂട്ടറിന്‍റെ വരവ് കണ്ട് അന്തംവിട്ട എംവിഐ തൊഴുതതിനു ശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടിക്രമത്തിലേക്ക് കടന്നപ്പോള്‍ വീണ്ടും ഞെട്ടി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല. ഒടുവില്‍ 2100 രൂപ പിഴ അടപ്പിച്ചാണ് വാഹനം വിട്ടുനല്‍കിയത്. ഇന്‍ഷുറന്‍സ് അടയ്‍ക്കാത്തതിന് 1000, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെ ഫൈന്‍ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്. 

ഈ ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് പ്രചരിക്കുന്നത്.  രണ്ട് വര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലും സമാനസംഭവം അരങ്ങേറിയിരുന്നു. അന്ന് അനന്തപുര്‍ ജില്ലയിലാണ് നാല് പേരടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം യുവാവ് ബൈക്ക് യാത്ര ചെയ്തത്. ഈ കാഴ്ച കണ്ട് വന്ന സ്ഥലത്തെ സിഐ ബി.സുഭാഷ് കൂമാര്‍ ഇവരെ കൈക്കൂപ്പി തൊഴുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

(ഫയല്‍ ചിത്രം)

click me!