രണ്ട് ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രം രജിസ്ട്രേഷൻ: ഇരുചക്ര വാഹനം വാങ്ങിക്കുന്നവർക്ക് പുതിയ നിബന്ധന

By Web TeamFirst Published Jun 15, 2019, 7:08 PM IST
Highlights

കോടതി ഉത്തരവ് പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്

ഭോപ്പാൽ: ഇരു ചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കാൻ മടികാണിക്കുന്ന സാഹചര്യത്തിൽ, ഇതിനെ മറികടക്കാൻ കടുത്ത നിലപാടിലേക്ക് കടക്കുകയാണ് മധ്യപ്രദേശിലെ മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനയാത്രക്കാർക്ക് ഇത് പാലിക്കാൻ മടി കാണുമെങ്കിലും അനുസരിക്കുകയല്ലാതെ വേറെ വഴിയില്ല.

പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശില്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇരുചക്രവാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് കൂടി നിർബന്ധമായും കാണിക്കണം. എന്നാൽ മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കു. 

ഡ്രൈവറുടെയും സഹയാത്രികന്റെയും സുരക്ഷ കണക്കിലെടുത്താണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്രവാഹനം പുതുതായി വാങ്ങുന്നവർക്ക് രണ്ട് ഹെൽമെറ്റുകൾ കൂടി വിൽക്കാൻ സർക്കാർ വാഹന ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ശൈലേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

ഇരുചക്ര വാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയുള്ള  കോടതി ഉത്തരവ്, പൂർണ്ണമായി നടപ്പാക്കാന്‍ ഗതാഗത വകുപ്പിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

click me!