
ലിമിറ്റഡ് എഡിഷൻ അൾട്രാവയലറ്റ് എഫ്77 ഇലക്ട്രിക് പെർഫോമൻസ് മോട്ടോർസൈക്കിള്‍ സ്വന്തമാക്കി ഇന്ത്യൻ ടിവി അവതാരകനും വീഡിയോ ജോക്കിയുമായ രൺവിജയ് സിംഹ. കമ്പനി ആകെ നിര്‍മ്മിക്കുന്ന 77 യൂണിറ്റുകളിൽ 16-ാം നമ്പർ മോഡലാണ് താരത്തിന് ലഭിച്ചത്. ബുക്കിംഗ് വിൻഡോ തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഈ പതിപ്പിന്റെ എല്ലാ യൂണിറ്റുകളും വിറ്റുതീർന്നതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എംടിവി ഷോകളിലൂടെ ശ്രദ്ധനേടിയ വീഡിയോ അവതാരകനാണ് രൺവിജയ് സിംഹ. മുംബൈയിലെ തന്റെ വസതിയിൽ ഡെലിവറി ചെയ്‌ത ഇലക്ട്രിക് പെർഫോമൻസ് ബൈക്കുമൊത്തുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അൾട്രാവയലറ്റ് F77 സ്‌പോർട്‌സ് ഇലക്ട്രിക് ബൈക്കിനായി നിർമിക്കുന്ന ലിമിറ്റഡ് സീരീസ് വേരിയന്റാണ് ടെലിവിഷൻ, സിനിമാ താരം ഗരേജില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
307 കിമി മൈലേജുള്ള ആ ബൈക്കുകള്‍ നിരത്തിലേക്ക് പറന്നിറങ്ങി, ആഹ്ളാദഭരിതരായി ഉടമകള്‍!
മലയാളത്തിന്‍റെ പ്രിയതാരം ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് അൾട്രാവയലറ്റ്. ഒന്നാന്തരമൊരു വാഹനപ്രേമിയായ ദുൽഖറിന്റെ ബ്രാൻഡും F77 എന്ന ഇലക്ട്രിക് സ്പോർട്‌സ് ബൈക്കും വൻഹിറ്റാണിപ്പോൾ. കമ്പനിയുടെ കന്നി ഓഫറായ F77, കഴിഞ്ഞ വർഷം ആദ്യം പ്രഖ്യാപിച്ചതാണ് . F77-ന്റെ വില 3.8 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. റീകൺ പതിപ്പിന് 4.5 ലക്ഷം രൂപ എക്സ്-ഷോറൂം വില വരെ ഉയരുന്നു . ലിമിറ്റഡ് എഡിഷൻ F77-ന്റെ വിലകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റീക്കോണിനെക്കാൾ ചെറിയ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ലിമിറ്റഡ് എഡിഷൻ F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനും ഒരു യൂണീക് നമ്പറിംഗും പ്രത്യേക കളർ ഓപ്ഷനും ലഭിക്കും. മെറ്റിയർ ഗ്രേ, ആഫ്റ്റർബേണർ യെല്ലോ എന്നിങ്ങനെയുള്ള പ്രത്യേക പെയിന്‍റ് സ്‍കീമാണ് ലഭിക്കുന്നത്. പിഎംഎസ് ഇലക്ട്രിക് മോട്ടോർ 40.2 bhp അല്ലെങ്കിൽ 30.2 kW പീക്ക് പവറും 100 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നതും ഇലക്ട്രിക് ബൈക്കിന്റെ പ്രകടന കണക്കുകൾ വർദ്ധിപ്പിക്കുന്നു. ഇത് 7.8 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുകയും 152 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യുന്നു. മറ്റ് സ്റ്റോക്ക് വേരിയന്റുകളെ അപേക്ഷിച്ച് ബൈക്കിന് കൂടുതൽ കരുത്തും ടോർക്കും ലഭിക്കും.
ലിമിറ്റഡ് എഡിഷന് കരുത്ത് ലഭിക്കുന്നത് 10.3 kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ്. ഇത് ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്രവാഹനവുമായി താരതമ്യപ്പെടുത്തിയാലും ഏറ്റവും വലുതാണ്. കൂടാതെ ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അഞ്ച് ഇഞ്ച് ടിഎഫ്‍ടി സ്‌ക്രീൻ, പിന്നിൽ മോണോഷോക്ക് ഉള്ള 41 എംഎം യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകൾ, 320 എംഎം ഫ്രണ്ട്, 230 എംഎം ഡിസ്‌ക് ബ്രേക്കുകൾ, ബോഷിൽ നിന്നുള്ള ഡ്യുവൽ-ചാനൽ എബിഎസ്, ഗ്ലൈഡ്, കോംബറ്റ്, ബല്ലാസ്റ്റിക്ക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ തുടങ്ങിയവയും ഈ സ്‌പോർട്‌സ് ഇലക്ട്രിക് ബൈക്കിന്റെ മറ്റ് ശ്രദ്ധേയമായ സവിശേഷതകളാണ്.
അതേസമയം അൾട്രാവയലറ്റ് മറ്റൊരു ഇലക്ട്രിക് ബൈക്ക് പ്ലാറ്റ്‌ഫോമായ F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്‌ഫോമിന്‍റെ പണിപ്പുരയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023 ജനുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഈ ബൈക്ക് അനാച്ഛാദനം ചെയ്‍തിരുന്നു. ഇത് ഇലക്ട്രിക് മോട്ടോർസ്‌പോർട്‌സിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.