അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ അംബാനി വണ്ടി തന്‍ വിലയും സുരക്ഷയും!

By Web TeamFirst Published Aug 29, 2020, 12:21 PM IST
Highlights

അംബാനിയുടെ ഗാരേജിലേക്ക് പുതിയ അതിഥി. എത്തിയത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍

നിലവിൽ ലോകത്തിലെ ഏഴാമത്തെ വലിയ ധനികനും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനുമാണ് മുകേഷ് അംബാനി. വിശാലമായ ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ അദ്ദേഹവും കുടുംബവും  ബുള്ളറ്റ് പ്രൂഫ് കാറുകളിൽ മാത്രമേ സഞ്ചരിക്കൂ. ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റി ഉള്‍പ്പടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്ന അതിസുരക്ഷാ വാഹനങ്ങളുടെ ഒരു നിര തന്നെ സ്വന്തമായുണ്ട് അംബാനി കുടുംബത്തിന്. ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിയിരിക്കുന്നു. ബെന്‍സ് എസ് ഗാര്‍ഡ് 600 ആണ് അംബാനിയുടെ ഗാരേജിലെത്തിയ ആ പുതിയ അതിഥി. 

ജർമ്മൻ വാഹന നിർമ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സില്‍ നിന്നുള്ള ഏറ്റവും മികച്ച കവചിത കാറുകളിലൊന്നാണ് ഏറ്റവും പുതിയ W222 അടിസ്ഥാനമാക്കിയുള്ള S600 ഗാർഡ്. അംബാനി രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുക്കുചെയ്‍ത വാഹനത്തിലൊന്ന് കഴിഞ്ഞ വർഷം അംബാനിയുടെ ഗ്യാരേജിലെത്തിയിരുന്നു. അതിൽ രണ്ടാമത്തേതാണ് ഇതെന്നാണ് സൂചന. 

എസ് 600 നെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ കാര്‍ ആഡംബരത്താലും സുരക്ഷയാലും അംബാനിയെപ്പോലെ തന്നെ സമ്പന്നനാണെന്നതാണ് കൌതുകം. വിആര്‍ 10 സുരക്ഷാസംവിധാനങ്ങളുള്ള കാറിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എസ് ഗാര്‍ഡ് ഫലപ്രഥമായി ചെറുക്കും. സ്റ്റീൽ കോർ ബുള്ളറ്റുകളെയും രണ്ടുകിലോ മീറ്റർ അകലത്തിൽ നിന്നുള്ള 15 കിലോ TNT സ്ഫോടനത്തെയും വരെ വാഹനം ചെറുക്കുമെന്നാണ് ബെൻസ് പറയുന്നത്. 

അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇങ്ങനെ വാഹനത്തിലെ സുരക്ഷാ സൌകര്യങ്ങളുടെ പട്ടിക നീളുന്നു.

523 bhp കരുത്തും 850 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 6.0 ലിറ്റർ V12, ബൈ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സലൂണിന് ലഭിക്കുന്നു.

വെള്ളി നിറമുള്ള കാർ വളരെ ആകർഷണീയവും അത്യാഡംബരവുമാണ്. മെഴ്‌സിഡസ്-മേബാക്ക് എസ് 600 സെഡാന്റെ കവചിത പതിപ്പാണിത്, വിആർ 10 ലെവൽ പരിരക്ഷയോടെയാണ് ഇത് വരുന്നത്, ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ സിവിലിയൻ വാഹനമാണിത്. പ്രത്യേക സ്റ്റീൽ കൊണ്ടാണ് ബോഡി ഷെൽ നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ സസ്പെൻഷൻ പോലും അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി വീണ്ടും ട്യൂൺ ചെയ്തിട്ടുണ്ട്, അതേസമയം പരമാവധി സുഖം നൽകുന്നു.

ഈ വാഹനത്തിന്‍റെ കൃത്യമായ വിലയും വ്യക്തമല്ല എന്നതും കൌതുകകരമാണ്. പൂര്‍ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ബുള്ളറ്റ് പ്രൂഫ് ആഡംബര വാഹനത്തിന് ഏകദേശം 10 കോടി രൂപയോളം വില വരും എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. എന്നാല്‍ കസ്റ്റമൈസേഷനുകളുടെ അനന്തസാധ്യതകളെയും കാറിനായി തിരഞ്ഞെടുക്കുന്ന ഓപ്ഷനുകളെയും മറ്റ് അടിസ്ഥാനമാക്കിയാല്‍ ഈ കോടികളില്‍ പിന്നെയും അന്തരമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

click me!