കൊവിഡ്19; അതിവേഗ പരിശോധനാ ഉപകരണങ്ങള്‍ നല്‍കി സൂപ്പര്‍ ബൈക്ക് കമ്പനി!

By Web TeamFirst Published Apr 13, 2020, 11:44 AM IST
Highlights

കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കൈകൊര്‍ത്ത് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റ

കൊവിഡ് 19 വൈറസ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കൈകൊര്‍ത്ത് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റ.  വാരീസ് കമ്മ്യൂണിറ്റി ആശുപത്രികളെ സഹായിക്കുന്നതിനായി ടെസ്റ്റിംഗ് മെഷിനറികൾ കമ്പനി സംഭാവന ചെയ്തു.

വൈറസ് ബാധിച്ച വ്യക്തികളെ വേഗത്തിൽ തിരിച്ചറിയാനും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഹരിക്കാനും ഇവ ഉപയോഗിക്കാം. വെറും 30 മിനിറ്റിനുള്ളിൽ 96 പരീക്ഷണങ്ങൾ വരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന നൂതന ടെസ്റ്റിംഗ് മെഷിനറികൾ കമ്പനി സംഭാവന ചെയ്തതായി എംവി അഗസ്റ്റ അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സ്റ്റാഫുകൾക്കും ആരോഗ്യ പ്രവർത്തകർക്കും അവരുടെ സ്വന്തം സംരക്ഷണത്തിനും അവരുടെ കുടുംബത്തിനും ഇവയിലൂടെ പരിശോധന നടത്താൻ സാധിക്കും.

മാർച്ച് എട്ടിന് കോവിഡ് 19 അടിയന്തരാവസ്ഥയ്ക്കായി ധനസമാഹരണം ആരംഭിച്ച പ്രാദേശിക ചാരിറ്റി സൊസൈറ്റിയായ ഫോണ്ടാസിയോൺ സർക്കോളോ ഡെല്ലാ ബോൺട്ട ഒൺലസുമായുള്ള സഹകരണത്തോടെയാണ് എംവി അഗസ്റ്റയുടെ ഈ സംരംഭം. വാരീസ് ആശുപത്രിയിലേക്ക് പ്രധാനപ്പെട്ട എമർജൻസി ഉപകരണങ്ങൾ എല്ലാം ഇതിനകം തന്നെ സംഭാവന ചെയ്യ്തിട്ടുണ്ട്.

ക്വാണ്ട്സ്റ്റുഡിയോ TM 5 റിയൽ-ടൈം PCR സിസ്റ്റം എന്നറിയപ്പെടുന്ന യന്ത്രം നിർമ്മിക്കുന്നത് ബ്രിട്ടീഷ് തെർമോ ഫിഷർ സയന്റിഫിക് ആണ്. പ്രത്യേക യന്ത്രം കൊവിഡ്-19 ന് മാത്രമല്ല, അടിയന്തരാവസ്ഥ അവസാനിച്ചുകഴിഞ്ഞാൽ, മുഴുവൻ വൈറോളജി മേഖലയിലും ആശുപത്രിയുടെ രോഗനിർണയ ശേഷി വർദ്ധിപ്പിക്കും എന്ന് എംവി അഗസ്റ്റ പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ പ്രത്യേക സമയത്ത് ലോകമെമ്പാടും നടക്കുന്ന പോരാട്ടത്തിൽ തങ്ങളും പങ്കാളികളാകുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണതിനായി പ്രവർത്തിക്കുന്നവരെ കമ്പനി പിന്തുണയ്ക്കുന്നു. അതിനാൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് എംവി അഗസ്റ്റ മോട്ടോർ സിഇഒ തിമൂർ സർദരോവ് പറഞ്ഞു. ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിന് കൂടുതൽ അവസരങ്ങൾ തിരിച്ചറിയുന്നതിനായി തങ്ങൾ വറീസ് ആശുപത്രിയുമായി സമ്പർക്കം പുലർത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

click me!