"ഇങ്ങനെയൊന്നും പറയരുത്.." സര്‍ക്കാര്‍ വണ്ടികളുടെ നികുതി, ഇന്‍ഷുറന്‍സ് സത്യകഥകളുമായി എംവിഡി!

By Web TeamFirst Published Aug 26, 2021, 7:47 PM IST
Highlights

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് വ്യക്തമായി മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാർ വാഹനങ്ങളുടെ റോഡ്​ ടാക്​സും ഇൻഷുറൻസും പുക ടെസ്​റ്റുമൊക്കെയാണ്​ സോഷ്യല്‍ മീഡിയയിലെ ചർച്ചാവിഷയം. അധികൃതരുടെ വാഹന പരിശോധനകളോടുള്ള പലരുടെയും നീരസമാണ് ഇത്തരം ചോദ്യങ്ങള്‍ക്കു പിന്നില്‍. അതുകൊണ്ടു തന്നെ ഇതിന് വ്യക്തമായി മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

'റോഡ് ടാക്​സ്​ അടക്കുന്നതിൽ നിന്ന് സർക്കാർ വാഹനങ്ങളെ 1975 മുതൽ ഒഴിവാക്കിയതാണ്. കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങൾക്ക് ടാക്​സ്​ അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് SRO 878/75 എന്ന ഉത്തരവ് പ്രകാരം 29 തരം വാഹനങ്ങൾക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങൾ'- മോട്ടോര്‍വാഹന വകുപ്പ് ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കുറിക്കുന്നു.

'സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെൻറിൽ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള നടപടികൾ തുടങ്ങിയത്. അതിനാൽ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല. അതുപോലെ പുകപരിശോധന കേന്ദ്രങ്ങൾ അടുത്തിടെ മാത്രമാണ് ഓൺലൈനായത്. അതിനാൽ ഓൺലൈനാകുന്നതിനു മുമ്പ്​ എടുത്ത സർട്ടിഫിക്കറ്റുകൾ വാഹനിൽ പ്രതിഫലിക്കില്ല'-അധികൃതര്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മോട്ടോര്‍വാഹനവകുപ്പ് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!