ഓഫീസ് വാടകയിലും ഗൂഢാലോചന, കൈക്കൂലിപ്പണം തേടി മോഷ്‍ടാവും എത്തി; ദുരൂഹമായൊരു ആര്‍ടിഒ ഓഫീസ്!

Web Desk   | others
Published : Oct 21, 2021, 05:09 PM IST
ഓഫീസ് വാടകയിലും ഗൂഢാലോചന, കൈക്കൂലിപ്പണം തേടി മോഷ്‍ടാവും എത്തി; ദുരൂഹമായൊരു ആര്‍ടിഒ ഓഫീസ്!

Synopsis

ആർടിഒ ഓഫീസിനായി കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ മുതല്‍ തന്നെ ഗൂഡാലോചന നടന്നതായാണ് സംശയം. എംവിഡി ഉദ്യോഗസ്ഥരും വ്യാപാരികളും ഉൾപ്പെടെയുള്ളവരാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.  

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ (AMVI) പിടിയിലായ പയ്യന്നൂരിലെ (Payyanur) സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനെതിരെ (Sub Regional Transport Office Payyanur) ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. ഒരു വര്‍ഷം മുമ്പ് 2020 നവംബറിലാണ് ഈ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (Regional Transport Office Payyanur) സ്ഥാപിതമാകുന്നത്. ഒരു വർഷത്തിനിടയിൽ 35 കോടിയോളം രൂപയുടെ വരുമാനമാണ് ഈ സ്ഥാപനം സര്‍ക്കാരിന് നേടിക്കൊടുത്തത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവിൽ ഇതിലും ഇരട്ടിയില്‍ അധികം പണം കൈക്കൂലിയിനത്തിൽ ഒഴുകിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പയ്യന്നൂര്‍ - കാസര്‍ഗോഡ് ദേശീയപാതയില്‍ വെള്ളൂർ പോസ്റ്റ് ഓഫീസിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ കോംപ്ലക്‌സിലാണ് പയ്യന്നൂര്‍ സബ് ആർടി ഓഫീസിന്‍റെ പ്രവര്‍ത്തനം. ഓഫീസ് കെട്ടിടത്തിനായി ഈ കോപ്ലക്സ് തെരെഞ്ഞെടുത്ത് മുതല്‍ അഴിമതി നടന്നതായുള്ള അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ആർടിഒ ഓഫീസിനായി കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ മുതല്‍ തന്നെ ഗൂഡാലോചന നടന്നതായാണ് സംശയം. എംവിഡി ഉദ്യോഗസ്ഥരും വ്യാപാരികളും ഉൾപ്പെടെയുള്ളവരാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.  കെട്ടിടം കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയ ലെയ്‌സൺ ഓഫീസറാണ് വെള്ളൂരില്‍ വാടകകെട്ടിടം കണ്ടെത്തിയത്.  75,000 രൂപയാണ് ആർടി ഓഫീസിന്റെ വാടകയായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഈ ഓഫീസറുടെ ബിനാമിയായ പയ്യന്നൂര്‍ കാറമേൽ സ്വദേശി ഈ കോംപ്ലക്സ് പൂർണമായും ഒന്നേകാൽ ലക്ഷം രൂപക്ക് വാടകക്കെടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 

എംവിഡിക്ക് നല്‍കിയത് കൂടാതെ കെട്ടിടത്തിന്‍റെ മറ്റുഭാഗങ്ങളും വാടകക്ക് നൽകിയിരിക്കുകയാണ്. എന്നാല്‍ മോട്ടോർ വാഹന വകുപ്പിലെ ഒരു ജീവനക്കാരന്റെ ബന്ധുവിന്റെ തന്നെ സ്ഥാപനമാണ് ഇതേ കെട്ടിടത്തില്‍ ഹോട്ടലായി പ്രവർത്തിക്കുന്നതെന്നും വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റും ഡിജിറ്റൽ ജന സേവാകേന്ദ്രവുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ കൈക്കൂലി ഇടപാടുകള്‍ക്ക് ഒളിത്താവളം ഒരുക്കുന്നവയാണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. 

കഴിഞ്ഞ ദിവസം പിടിയിലായ എഎംവിഐ പ്രസാദിനെ കുടുക്കാന്‍ വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്‍തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകള്‍ നിമിഷങ്ങള്‍ക്കകം സൂപ്പര്‍മാര്‍ക്കറ്റിലെ കൌണ്ടറില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും കേസില്‍ പ്രതിയായേക്കും. ഈ കോംപ്ലക്സിലെ കടമുറികളില്‍ നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന പണത്തിന് നിശ്‍ചിത ശതമാനം കമ്മീഷനും ചില എംവിഡി ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആര്‍ടിഓഫീസ് കെട്ടിടത്തിലെ ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നിരുന്നു. കുപ്രസിദ്ധ മോഷ്‍ടാവ് കാരാട്ട് നൗഷാദും സംഘവുമായിരുന്നു ഈ മോഷണത്തിന് പിന്നില്‍. കൈക്കൂലിയിനത്തിലും മറ്റും ലഭിക്കുന്ന വരവിൽ കവിഞ്ഞ പണം ഉദ്യോഗസ്ഥര്‍ ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുപ്രസിദ്ധ കവര്‍ച്ചാസംഘം ഇവിടെ കയറിയതെന്ന് പൊലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. 

അതേസമയം പയ്യന്നൂര്‍  ആര്‍ടി ഓഫിസിൽ ഇന്നും വിജിലൻസിന്‍റെ റെയ്‍ഡ് നടന്നു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എഎംവിഐ പി വി  പ്രസാദില്‍  നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തിട്ടുണ്ട്.  ആര്‍ടി ഓഫീസിലേക്ക് മോട്ടോര്‍വാഹന തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തി. ഓഫീസ് അഴമതി മുക്തമാക്കുക എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. 

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ